സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴകനക്കും; മുന്നറിയിപ്പുമായി കേന്ദ്രം; കൊല്ലത്തും കോട്ടയത്തും ചില സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഗവ.യു പി എസ് കുമാരന്‍ചിറ ശൂരനാട് സൗത്ത്, ഗവ. യു പി എസ് തെന്നല ശൂരനാട് നോര്‍ത്ത്, ഗവ. എല്‍ പി എസ് അഴകിയകാവ് കുന്നത്തൂര്‍, അമൃത യുപിഎസ് പാവുമ്പ കരുനാഗപ്പള്ളി, മീനാക്ഷി വിലാസം ഗവ . എല്‍ പി എസ്, പേരൂര്‍ എന്നീ സ്‌കൂളുകള്‍ക്കാണ് ഇന്നു അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വേളൂര്‍ സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വിവിധ ജില്ലകളിലെ അലര്‍ട്ടുകള്‍

മഞ്ഞ അലര്‍ട്ട്

തിങ്കള്‍:കണ്ണൂര്‍
ചൊവ്വ : തൃശൂര്‍
ബുധന്‍ : ആലപ്പുഴ,എറണാകുളം, ഇടുക്കി
വ്യാഴം: എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയില്‍ അപകടങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ജനങ്ങളും ഗവണ്‍മെന്റും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ജാഗ്രതപുലര്‍ത്തുകയും വേണം.