'ദ്വാരപാലകശില്‍പം സ്വര്‍ണം പൂശല്‍, ഹൈക്കോടതിയെ അറിയിക്കാതിരുന്നത് പിഴവ്'; ശബരിമലയില്‍ എല്ലാ അവതാരങ്ങളേയും പുറത്ത് നിര്‍ത്തിയിരുന്നു, പ്രതിപ്പട്ടികയില്‍ വരാന്‍ സാധ്യതയില്ലെന്ന് പടിയിറങ്ങുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

ശബരിമലയിലെ ദ്വാരപാലകശില്‍പം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ ഹൈക്കോടതിയെ അറിയിക്കാതിരുന്നത് പിഴവായിരുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന പി എസ് പ്രശാന്ത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്നും കോടതിയെ അറിയിച്ചില്ല എന്നതു പിഴവായെന്നുമാണ് പിഎസ് പ്രശാന്തിന്റെ വാക്കുകള്‍. എന്നാല്‍ പിഴവ് ബോധ്യപ്പെട്ട് അതു ബോധ്യപ്പെടുത്തിയപ്പോള്‍ കോടതി തുടര്‍നടപടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ശബരിമലയിലെ എല്ലാ അവതാരങ്ങളെയും പടിക്കുപുറത്തു നിര്‍ത്തിയിരുന്നുവെന്നും അവര്‍ക്കു വഴിപ്പെട്ടിരുന്നില്ലെന്നും പ്രശാന്ത് ന്യായീകരിക്കുന്നു. അവതാരങ്ങളെ പുറത്തുനിര്‍ത്തുമ്പോള്‍ ചിലര്‍ക്കു വിഷമമുണ്ടാകുമെന്നും ഇപ്പോഴത്തെ സംഭവങ്ങളില്‍ പ്രതിപ്പട്ടികയില്‍ വരാന്‍ ഒരു സാധ്യതയുമില്ലെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ മനസിനെ വേദനിപ്പിച്ചുവെന്നും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ മനസിനു വേദനയുണ്ടാകുമെന്നും പറഞ്ഞ പ്രശാന്ത് അന്വേഷണം പൂര്‍ത്തിയായി നിജസ്ഥിതി എല്ലാവര്‍ക്കും ബോധ്യമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. പുതിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്ന കെ ജയകുമാര്‍ ശബരിമലയ്ക്ക് ഏറ്റവും അനുയോജ്യനായ ആളാണെന്നും പ്രശാന്ത് വ്യക്തമാക്കി.

വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. വിവാദങ്ങള്‍ മനസിനെ വേദനിപ്പിച്ചു. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ മനസിനു വേദനയുണ്ടാകും. അന്വേഷണം പൂര്‍ത്തിയായി നിജസ്ഥിതി എല്ലാവര്‍ക്കും ബോധ്യമാകും. ഞങ്ങളുടെ ബോര്‍ഡ് സുതാര്യമായും സത്യസന്ധമായും ഭക്തിയോടെയുമാണ് ശബരിമലയിലെ ഓരോ കാര്യവും ചെയ്തിരുന്നത്. അത് ആദ്യം ബോധ്യപ്പെടുത്തുന്നത് എന്റെ മനസാക്ഷിയെയാണ്. ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഉത്തമബോധ്യമുണ്ട്.

Read more

അയ്യപ്പസംഗമം ശബരിമലക്ഷേത്രത്തിനു ഗുണം ചെയ്തിട്ടുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു. മാസ്റ്റര്‍ പ്ലാനിനെക്കുറിച്ച് എല്ലാവര്‍ക്കും അറിവു കിട്ടിയെന്നും തുടര്‍ചര്‍ച്ചകളും മറ്റും നടക്കണമെന്നും സ്ഥാനമൊഴിയുന്ന പ്രശാന്ത് പറഞ്ഞു. ആഗോള അയ്യപ്പസംഗമത്തിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയപരമാണ്. വിശ്വാസത്തെ തിരഞ്ഞെടുപ്പില്‍ ഉരകല്ലാക്കി മാറ്റുക എന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന പ്രധാന പ്രശ്നമെന്നും പ്രശാന്ത് പറഞ്ഞു.