പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സമരത്തെ പരോക്ഷമായി തള്ളി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമ മേഖലയിലെ നയപരമായ പ്രശ്നങ്ങൽ ചർച്ച ചെയ്യുമെന്നും എന്നാൽ, അവർ തമ്മിലുള്ള പ്രശ്നങ്ങൾ അവർ പറഞ്ഞുതീർക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
വർഷത്തിൽ 250 സിനിമകൾ ഇറങ്ങുന്നുണ്ട്. എല്ലാ സിനിമകളും ലാഭകാരമാകുന്നതു ശരിയല്ല. മെച്ചപ്പെട്ട സിനിമ ആണ് ഇറങ്ങേണ്ടത്. സിനിമയിൽ കടുത്ത മത്സരമായി. അത് ആരോഗ്യകരമായ മാറ്റമാണ്. ചർച്ചകൾ വന്നതോടെ സിനിമ രംഗം മെച്ചപ്പെട്ടു. നല്ല വിവാദങ്ങൾ ഉണ്ടാകട്ടെ, അതിൽ നിന്നാണ് നല്ല ആശയം ഉണ്ടാകുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.
അവർ ഉന്നയിച്ച മൂന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തു ധാരണയുണ്ടാക്കും. മറ്റൊന്ന് അതിനകത്തെ പ്രശ്നങ്ങൾ ആണ്. അത് അവർ തന്നെ തീർക്കട്ടെയെന്നും എല്ലാ സിനിമയും ലാഭകരമാകണമെന്ന് പറയാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. നിർമാതാക്കൾ സർക്കാരിനോട് ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യും. നല്ല സിനിമ നിർമിക്കാൻ എല്ലാ സഹായവും സർക്കാർ നൽകും.
ധാരണ ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണുള്ളത്. നിർമാതാക്കളും അഭിനേതാക്കളും തമ്മിലുള്ളത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. സൂപ്പർ സ്റ്റാറുകൾ അഭിനയിക്കുന്ന സിനിമകളെ ഓടുവെന്ന കാലം മാറി. മികച്ച സിനിമയാണെങ്കിൽ ഓടും. പ്രതിഫലം കൂടുതലാണെന്ന നിർമാതാക്കളുടെ പ്രതികരണമാണ് അഭിനേതാക്കളെ ചൊടിപ്പിച്ചത്. അഭിനേതാക്കൾക്ക് അവരുടേതായ മൂല്യമുണ്ട്. അത് നൽകേണ്ടി വരും.
നിർമാതാക്കളും അഭിനേതാക്കളും തമ്മിലുള്ള പ്രശ്നം അവർ പരിഹരിക്കണമെന്നും ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിനിമയിൽ നിന്ന് ലാഭം ഉള്ളതുകൊണ്ടാണ് വീണ്ടും വീണ്ടും സിനിമ ഇറക്കുന്നത്. ചർച്ചകൾ നടക്കുന്നത് നല്ലതാണ്. സിനിമയ്ക്ക് ഗുണകരമാകും. അടുത്ത നിയമസഭയിൽ സിനിമയുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കും. സിനിമ കോൺക്ലേവ് നടക്കുമ്പോൾ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.