പിണറായിക്ക് തന്നോടുള്ള പക തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട്; വി.എസ് ആരോഗ്യവാനായിരുന്നെങ്കില്‍ രാജി ആവശ്യപ്പെട്ടേനെ എന്ന് പി.സി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന് തന്നോടുള്ള പകയും പ്രതികാരവും തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുകയാണെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദനുമായുള്ള തന്റെ ആത്മ ബന്ധമാണ് ഈ പകയ്ക്ക് കാരണം. സംസ്ഥാന കമ്മിറ്റിയില്‍ പിണറായി ആതിപധ്യം ഉറപ്പിച്ച അന്ന് മുതല്‍ ഇവിടെ കമ്മ്യൂണിസം മരിച്ചു . പിണറായിസമാണ് നടപ്പിലാവുന്നത് . വി എസ് ഇന്ന് ആരോഗ്യവാന്‍ ആയിരുന്നുവെങ്കില്‍ പിണറായിയുടെ രാജി ആദ്യം ആവശ്യപ്പെടുക അദ്ദേഹമായിരിക്കും. കാരണം , ഭാരതത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് വി എസ് മാത്രമാണെന്നും പി സി ജോര്‍ജ്ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

പ്രതികാര ബുദ്ധിയുടെ രണ്ടു പതിറ്റാണ്ട് …
ബഹു കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് എളിയവനായ പി സി ജോര്‍ജിനോടുള്ള പകയും പ്രതികാരവും തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല . രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുകളില്‍ ആയ പിണറായി പകയാണ് ഇന്ന് ഒരു സാധാരണ പൊതുപ്രവര്‍ത്തകനായ എന്റെ പിന്നാലെ സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രി പോലീസും കേസും കോടതിയുമായി നടക്കുന്നത് . ഇതിന്റെ ഒക്കെയും ആരംഭം 25 വര്ഷങ്ങള്ക്കു മുന്‍പ് 96-97ഇല്‍ അദ്ദേഹം നായനാര്‍ മന്ത്രിസഭയില്‍ മന്ത്രി കസേരയില്‍ എത്തി ചേര്‍ന്നതിനു ശേഷമാണു .

കേരളം കണ്ടതില്‍ വെച്ചേറ്റവും മിടുക്കനായ വൈധ്യുതി മന്ത്രിയാണ് ശ്രീ പിണറായി എന്ന് ഞാന്‍ ആ കാലയളവില്‍ നിയമസഭയില്‍ പ്രസംഗിക്കുകയുണ്ടായി . എന്നാല്‍ അതിനു ശേഷം നടന്ന ലാവ്ലിന്‍ ഇടപാടില്‍ പിണറായിയുടെ കൈകള്‍ ശുദ്ധമല്ല എന്ന് മനസിലാക്കിയ ഞാന്‍ ഇടതു മുന്നണിയില്‍ നിന്നുകൊണ്ട് തന്നെ എന്റെ അഭിപ്രായം തിരുത്തുകയും ചെയ്തു . 2001 ഇല്‍ നിയമസഭാ സബ്‌ജെക്‌റ് കമ്മിറ്റി ലാവ്ലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് ഭീമമായ നഷ്ടം ഉണ്ടായിയെന്നു കണ്ടെത്തുകയും അതിനെ തുടര്‍ന്നു പിണറായി വിജയന് എതിരെ പാര്‍ട്ടിയിലെ തന്നെ ഒരു പ്രബല വിഭാഗം സാക്ഷാല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ചേരി തിരിയുന്ന സാഹചര്യമുണ്ടായി .

വി എസ്സുമായി എനിക്കുള്ള ബന്ധവും എന്റെ ചില സ്റ്റെമെന്റ്‌സും കൂട്ടിവായിച്ച പിണറായി അന്ന് മുതല്‍ എന്നെ ശത്രുപക്ഷത്തു നിര്‍ത്തി തുടങ്ങി . അവിടെ തുടങ്ങുന്നു എന്നോടുള്ള പിണറായി പകയുടെ ആദ്യ അദ്ധ്യായം. 2001 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ നയിച്ചത് സഖാവ് വി എസ് . വി എസ്സിന് ഒരു ജനകീയ മുഖം ഇല്ലാതിരുന്ന കാലം . വി എസ് ഒരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി അവരുതെന്നു തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു മലയാളികള്‍ . ശക്തമായ ഇടതു വിരുദ്ധ തരംഗം ആഞ്ഞടിച്ചു . 100 സീറ്റില്‍ വിജയിച്ചു യു ഡി എഫ് അധികാരത്തില്‍ .
തൊടുപുഴയില്‍ പി ജെ ജോസഫ് വരെ പരാജയപെട്ടു , ജോസഫ് ഗ്രൂപ്പില്‍ നിന്ന് രണ്ടേ രണ്ടു എം എല്‍ എ മാര്‍ . കുട്ടനാട് നിന്നും കെ സിയും , പൂഞ്ഞാറില്‍ ഞാനും . വി എസിനൊപ്പം അടിയുറച്ചു നിന്ന ഞാന്‍ അദ്ദേഹത്തെ മതികെട്ടാന്‍ ചോലയിലും , മൂന്നാറിലും എത്തിച്ചു പല വമ്പന്മാരുടെയും കയ്യേറ്റങ്ങള്‍ ഒഴുപ്പിച്ചു.

പിന്നീട് കേരളം കണ്ടത് ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായും , കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ നേതാവുമായിട്ടുള്ള സഖാവ് വി എസ്സിന്റെ പരകായ പ്രവേശമായിരുന്നു . സി പി എമ്മിലെ വിഭാഗീയത കൊടുമ്പിരി കൊണ്ട് തുടങ്ങിയ കാലവുമായിരുന്നു . കേരളാ കോണ്‍ഗ്രെസ്സുകാരനായ ഞാന്‍ വി എസ്സിന് വേണ്ടി പക്ഷം പിടിച്ചത് പലരെയും പ്രത്യേകിച്ച് പിണറായി വിജയനെ ചൊടിപ്പിച്ചു. ഇതേ സമയം തന്നെ ജോസഫ് ഗ്രൂപ്പിലും എനിക്കെതിരെ പടയൊരുക്കം ആരംഭിച്ചു. പാര്‍ട്ടി പിടിച്ചെടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നുവെന്ന് ഔസേപ്പച്ചനെ തെറ്റിദ്ധരിപ്പിച്ചു എന്നെ പുകച്ചു പുറത്തു ചാടിച്ചു . മുന്‍ മന്ത്രി ജോണ്‍ സാറും(ടി എസ് ജോണ്‍ ) , മുന്‍ എം എല്‍ എ ഈപ്പന്‍ വര്ഗീസ് എന്ന ഈപ്പച്ചായനും എന്നോടൊപ്പം നിന്ന് കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിച്ചു . വി എസ്സിന്റെ പിന്തുണയില്‍ എല്‍ ഡി എഫില്‍ തന്നെ തുടര്‍ന്നു.

ഈ കാലയളവില്‍ നടന്ന സി പി ഐ എം ജില്ല സമ്മേളനങ്ങളില്‍ 14 ഇല്‍ 12 ജില്ല കമ്മിറ്റികള്‍ വി എസ്സിന്റെ ഒപ്പം നില്‍ക്കുന്ന സാഹചര്യം പിണറായിയെ സംബന്ധിച്ച് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . അവിടെയും എനിക്കെതിരെ പിണറായിയുടെ പക്കല്‍ മൊഴി കൊടുക്കുവാന്‍ ജോസഫ് ഗ്രൂപ്പിലെ ചിലര്‍ ഉണ്ടായിരുന്നു . പിണറായിക്കു എന്നോട് പക കൂടി കൂടി വന്നു. അതിന്റെ ഫലമായി 2006 തിരഞ്ഞെടുപ്പിന് മുന്‍പ് ഔസേപ്പച്ചനും പിണറായി വിജയനും ചേര്‍ന്നു ഈപ്പച്ചായനെ അടര്‍ത്തിയെടുത്തു പാര്‍ട്ടി വീണ്ടും പിളര്‍ന്നെന്നു വരുത്തി തീര്‍ത്തു എനിക്ക് സീറ്റ് നിഷേധിക്കാന്‍ ഒരു ശ്രമം നടത്തി . അപ്പോളും വി എസ്സും കോട്ടയം ജില്ല കമ്മിറ്റിയും എനിക്ക് വേണ്ടി വാദിച്ചു പൂഞ്ഞാറില്‍ ഞാന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .അവിടം കൊണ്ട് പകയുടെ രണ്ടാം അദ്ധ്യായം തീര്‍ന്നു എന്ന് ഞാന്‍ വിചാരിച്ചെങ്കിലും അടുത്ത ഭാഗം പിണറായി തുടങ്ങി .

ഞാന്‍ മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് വി എസ് നിര്‍ബന്ധം പിടിച്ചെങ്കിലും പിണറായി ശക്തമായി എതിര്‍ക്കുകയും ഒറ്റ എം എല്‍ എ പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കരുത് എന്നൊരു തീരുമാനം സി പി എം സെക്രട്ടറിയേറ്റ് എടുക്കുന്ന സാഹചര്യമുണ്ടായി. പിന്നീട് എന്റെ ആരോപണങ്ങളില്‍ പി ജെ ജോസ്ഫ്ഉം കുരുവിളയും മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ട സാഹചര്യം വരുകയും അതിന്റെ പേരിലെന്ന വ്യാജേന എന്നെ എല്‍ ഡി എഫില്‍ നിന്നും പുറത്താക്കി ശേഷം പാര്‍ട്ടി നയം മാറ്റി കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാക്കുന്നതും കേരളം കണ്ടു . യഥാര്‍ത്ഥത്തില്‍ അന്നും പിണറായിയുടെ ഭയം ലാവ്ലിന്‍ കേസില്‍ ഞാനും വി എസ്സും പിണറായിക്കു എതിരെ ഗൂഢാലോചന നടത്തുന്നുണ്ടോ എന്നതും ജനകീയനായ വി എസ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തു എത്തുമോ എന്നുമായിരുന്നു . എനിക്ക് പിന്നാലെ ജോസഫ് ഗ്രൂപ് മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ ഫലത്തില്‍ നാല് നിയമസഭാ സീറ്റുകള്‍ ഇടതു പക്ഷത്തിനു തോല്‍വി ഉറപ്പാവുകയും രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു.

യു ഡി എഫ് മന്ത്രിസഭയില്‍ എന്റെ ചില ആരോപണങ്ങളുടെ പേരില്‍ മൂന്ന് മന്ത്രിമാര്‍ വെയ്ക്കുകയും അതിനെ തുടര്‍ന്നു യു ഡി എഫില്‍ നിന്നും പുറത്താവേണ്ടി വരുന്ന സാഹചര്യത്തില്‍ എനിക്ക് രാഷ്ട്രീയ അഭയം വാഗ്ദ്ധാനം ചെയ്തുകൊണ്ട് പിണറായി മധുരം പുരട്ടി പകയുടെ അടുത്ത അദ്ധ്യായം തുടങ്ങി . പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്നെ കൂടെ കൂട്ടി കോട്ടയം ജില്ലയിലെ പല യു ഡി എഫ് കോട്ടകളും പിടിച്ചെടുത്തു . അടുത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ ഇടതു സ്ഥാനാര്‍ത്ഥിയായി എന്നെ ഇടതു പ്രവര്‍ത്തകര്‍ അവരോധിച്ചു കഴിഞ്ഞിരുന്നു . എന്നാല്‍ അവിടെയും പിണറായിയുടെ പക വിജയിച്ചു . എനിക്ക് സീറ്റ് നിഷേധിക്കുകയും സ്വതന്ത്രനായി മത്സരിച്ച എനിക്കെതിരെ പ്രചാരണത്തിന് മൂന്നു തവണ പിണറായി പൂഞ്ഞാറിലെത്തുക വരെ ചെയ്തു.

ഇടതു മുന്നണിക്ക് പൂഞ്ഞാറില്‍ കെട്ടി വെച്ച ക്യാഷ് നഷ്ടപ്പെടുകയും ഞാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തത് മുഖ്യമന്ത്രിയായെങ്കിലും പിണറായിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .പിന്നീട് ശബരിമല വിഷയത്തില്‍ വിശ്വാസികളോടൊപ്പം നിന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ എന്റെ പേര് ഒന്നാമതായി .പിന്നീട് തീവ്ര സംഘടനകളെ കൂട്ട് പിടിച്ചു ഒരു സമുദായത്തെ എനിക്കെതിരാക്കി പൂഞ്ഞാറില്‍ എന്റെ പരാജയം ഉറപ്പാക്കാന്‍ പിണറായിക്കു സാധിച്ചു. തീവ്ര സംഘടനകള്‍ വഴി സമുദായ പ്രീണനം നടത്തി തിരഞ്ഞെടുപ്പുകള്‍ ജയിച്ച ആവേശത്തില്‍ തൃക്കാക്കരയിലും അതേ തന്ത്രം പ്രയോഗിച്ചു നൂറു സീറ്റ് നേടി കസേരയില്‍ അമര്‍ന്നിരിക്കാന്‍ പിണറായിയും ഫാരിസ് അബൂബക്കര്‍ നയിക്കുന്ന സ്ട്രാറ്റജി മാനേജ്മന്റ് ടീമും കണ്ടെത്തിയ വഴിയാരുന്നു എന്റെ രണ്ടു അറസ്റ്റുകളും കോലാഹലവും.

ആ തന്ത്രം അമ്പേ പരാജയപ്പെട്ടിരിക്കുന്ന സമയത്താണ് സ്വപ്ന കോടതിയില്‍ രഹസ്യ മൊഴി കൊടുക്കുവാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. തനിക്കെതിരെ സ്വപ്ന മൊഴി കൊടുക്കും എന്നുറപ്പുണ്ടായിരുന്ന പിണറായി ഇതെല്ലാം പി സി ജോര്‍ജിന്റെ ഗൂഢാലോചനയെന്ന് വരുത്തി തീര്‍ക്കാന്‍ സ്വപ്ന മൊഴി നല്‍കിയ അതേ ദിവസം ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തിരുവനന്തപുരത്തുണ്ടായിരുന്ന എന്നെ സരിതയെ ഉപയോഗിച്ച് വിളിച്ചു. ആ കാള്‍ റെക്കോര്‍ഡിങ് അന്ന് തന്നെ ചാനലുകളില്‍ കൊടുത്തു ഗൂഢാലോചന തിയറി ഉയര്‍ത്തി സൈബര്‍ പോരാളികളെ അഴിച്ചു വിട്ടു രക്ഷപെടാനുള്ള പിണറായിയുടെ അവസാന അടവ് മാത്രമായിരുന്നു . അതിന്റെ പേരില്‍ എനിക്കെതിരെ വീണ്ടും കേസ്. മിസ്റ്റര്‍ പിണറായി , നിങ്ങള്‍ക്ക് എന്നോടുള്ള പക എനിക്ക് സഖാവ് വി എസ്സുമായിട്ടുള്ള ആത്മബന്ധം ഒന്ന് കൊണ്ട് മാത്രമാണ്.

നിങ്ങള്‍ ഭയന്നതും വി എസ്സിനെയാണ് , വി എസ്സിന്റെ ജനകീയതയെയാണ്. 2016ല്‍ വി എസ്സിന് സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തിയപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത് വി എസ്സിന്റെ കന്റോണ്മെന്റില്‍ ഹൗസില്‍ നിന്നു എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി വെച്ച പ്രകടനം ആയിരുന്നു . അന്ന് നിങ്ങള്‍ ആഗ്രഹിച്ച മുഖ്യമന്ത്രി സ്ഥാനം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു. സംസ്ഥാന കമ്മിറ്റിയില്‍ നിങ്ങള്‍ അധിപധ്യം ഉറപ്പിച്ച അന്ന് മുതല്‍ ഇവിടെ കമ്മ്യൂണിസം മരിച്ചു . പിണറായിസമാണ് നടപ്പിലാവുന്നത് . വി എസ് ഇന്ന് ആരോഗ്യവാന്‍ ആയിരുന്നുവെങ്കില്‍ നിങ്ങളുടെ രാജി ആദ്യം ആവശ്യപ്പെടുക അദ്ദേഹമായിരിക്കും. കാരണം , ഭാരതത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു കമ്മ്യൂണിസ്റ്റ് , യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് വി എസ് മാത്രമാണ്