കേസ് കണ്ടാൽ നെഞ്ചുവേദന വരാൻ ഇതു സി.പി.എമ്മല്ല, ലീഗാണ് സഖാവേ ലീഗ്; പരിഹാസവുമായി അബ്ദുറബ്ബ്

വഖഫ് ബോർഡിലെ പി.എസ്.സി നിയമനത്തിനെതിരായി മുസ്ലീം ലീ​ഗ് നടത്തിയ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത സർക്കാറിനെതിരെ പരിഹാസവുമായി മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്. കേസും, ലാത്തിയും, തോക്കും കണ്ടാൽ ബോധം കെട്ടു വീഴാനും നെഞ്ചുവേദന വരാനും ഇതു സി.പി.എമ്മല്ല, ലീഗാണ് സഖാവേ ലീഗെന്ന് അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ കുറിച്ചു.

സാക്ഷാൽ ഇ.എം.എസിന്റെ മുമ്പിൽ മുട്ടു മടക്കിയിട്ടില്ല, നായനാരുടെ തോക്കിനു മുമ്പിലും ചൂളിപ്പോയിട്ടില്ല, പിന്നെയല്ലേ ഈ പിണറായി എന്നും അദ്ദേഹം കുറിച്ചു. നേരത്തെ സമരത്തിൽ നിന്ന് മുസ്ലീം ലീ​ഗിനെ ഭീഷണിപ്പെടുത്തിയും കേസെടുത്തും പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്ന് കെ.പി.എ മജീദ് എം.എൽ.എയും പറഞ്ഞിരുന്നു.

ഭാഷാ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റു വാങ്ങിയവരാണ്. നായനാരുടെ പോലീസിന്റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണ്. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. പിണറായിക്ക് മുട്ട് മടക്കേണ്ടി വരും. പിന്തിരിഞ്ഞോടേണ്ടി വരുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ്

സാക്ഷാൽ ഇ.എം.എസിൻ്റെ
മുമ്പിൽ മുട്ടു മടക്കിയിട്ടില്ല,
നായനാരുടെ തോക്കിനു മുമ്പിലും ചൂളിപ്പോയിട്ടില്ല,
പിന്നെയല്ലേ ഈ പിണറായി.
കേസും, ലാത്തിയും, തോക്കും
കണ്ടാൽ ബോധം കെട്ടു വീഴാനും,
നെഞ്ചുവേദന വരാനും
ഇതു സി.പി.എമ്മല്ല..
ലീഗാണ് സഖാവേ ലീഗ്!
ലക്ഷ്യം നിറവേറിയിട്ടേ ഞങ്ങൾ പിൻവാങ്ങുകയുള്ളൂ.
ഇതു പാർട്ടി വേറെയാ…
വിജയൻ കാണും വരെയല്ല,
വിജയം കാണും വരെ,
ഞങ്ങൾ മുന്നിൽ തന്നെയുണ്ടാവും.
ജയ് മുസ്ലിംലീഗ്