ഇസ്രായേലിനെ അനുകൂലിച്ചിട്ടില്ല; താന്‍ എല്ലായിപ്പോഴും പലസ്തീനൊപ്പമെന്ന് ശശി തരൂര്‍

ഹമാസ് വിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താന്‍ എല്ലായിപ്പോഴും പലസ്തീനൊപ്പമാണെന്നും ഇസ്രായേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. തന്റെ പ്രസംഗം ചിലര്‍ വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അന്നത്തെ പ്രസംഗം പൂര്‍ണമായും യൂട്യൂബിലുണ്ടെന്നും സംശയമുള്ളവര്‍ക്കും പരിശോധിക്കാമെന്നും തരൂര്‍ വ്യക്തമാക്കി.

മുസ്ലീം ലീഗിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. മത വിഷയമായി കാണരുതെന്നാണ് താന്‍ പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് തന്റെയും നിലപാട്. യുദ്ധം നടക്കുമ്പോള്‍ സാധാരണക്കാരായ മനുഷ്യരെ കൊല്ലുന്നത് മനുഷ്യത്വ രഹിതമാണെന്നും തരൂര്‍ പറഞ്ഞു.

അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ദുരന്തമാണിത്. 45 ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയും ആളുകള്‍ മരിച്ചത്. എന്തൊക്കെയാണ് ഗാസയില്‍ നടക്കുന്നതെന്ന് പൂര്‍ണമായും അറിയില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. യുദ്ധം അവസാനിപ്പിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.