ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി റാന്നി കോടതിയിലേക്ക് അന്വേഷണ സംഘം; സ്വര്‍ണകൊള്ളയില്‍ വന്‍ ഗൂഢാലോചന നടന്നു, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരേയും ഭരണസമിതിയേയും കുരുക്കി മൊഴി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം റാന്നിയിലേക്ക്. റാന്നി കോടതിയില്‍ ഉച്ചയ്ക്ക് 12 മണിയോടെ പോറ്റിയെ ഹാജരാക്കാനാണ് നീക്കം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നിര്‍ണായക മൊഴിയെന്നാണ് സൂചന. ചില ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും പോറ്റി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് വിവരം. നടന്നത് വന്‍ഗൂഢാലോചനയെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരിക്കുന്നത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നതെന്നും പലരില്‍ നിന്നും പണം കൈപ്പറ്റിയെന്നും പോറ്റി അന്വേഷണ സംഘത്തിനു മൊഴി നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും പോറ്റി അന്വേഷണ സംഘത്തിനു മൊഴി നല്‍കി.

10 മണിക്കൂറോളമാണ് പോറ്റിയെ അന്വേഷണ സംഘം ചോദ്യം ചെയ്യത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) രഹസ്യകേന്ദ്രത്തിലാണ് പോറ്റിയെ രാത്രി ചോദ്യം ചെയ്തത്. തുടര്‍ന്ന് പുലര്‍ച്ചയോടെ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

2019ല്‍ ശബരിമല ശ്രീകോവിലിനുമുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളും സ്വര്‍ണത്തിലുള്ള കട്ടിളപ്പാളികളും കാണാതായ രണ്ടുകേസുകളിലും ഒന്നാംപ്രതിയായ പോറ്റിയെ വ്യാഴാഴ്ച തിരുവനന്തപുരം പുളിമാത്തെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്ത്. ശബരിമലക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ആദ്യ അറസ്റ്റാണിത്. ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണക്കൊള്ള, കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളി ചെമ്പാക്കിയ അട്ടിമറി എന്നിങ്ങനെ രണ്ടു കേസുകളിലും പ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ശബരിമലയുടെ മറവില്‍ പോറ്റി ലക്ഷങ്ങള്‍ കൈക്കലാക്കിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

Read more

ദിവസങ്ങളായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എസ്‌ഐടി പരിശോധന നടക്കുന്നുണ്ട്. രണ്ടുതവണ ശബരിമലയിലും ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും നടത്തിയ പരിശോധനകള്‍ക്കും തെളിവുശേഖരണത്തിനും പിന്നാലെയാണ് പോറ്റിയെ അറസ്റ്റ് ചെയ്യുന്നത്. നേരത്തേ പോറ്റിയെ ദേവസ്വം വിജിലന്‍സും ചോദ്യംചെയ്തിരുന്നു. പോറ്റി അറസ്റ്റിലായ സാഹചര്യത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കുകയാകും അടുത്തഘട്ടം. ഒപ്പം ദേവസ്വം ഉദ്യോഗസ്ഥരിലേക്കും ബോര്‍ഡ് ഭരണസമിതിയിലേക്കും പോറ്റിയുടെ സഹായി കല്‍പേഷ് തുടങ്ങിയവരിലേക്കും അന്വേഷണം നീളും. സ്‌പോണ്‍സറെന്ന്അവകാശപ്പെട്ടിരുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശലില്‍ ആകെ ചെലവാക്കിയത് 3 ഗ്രാം മാത്രമാണ്. 56 പവനോളം അടിച്ചെടുത്തു. ഇപ്പോഴത്തെ വിപണി വിലയില്‍ ഇതിന് അമ്പത് ലക്ഷത്തോളം രൂപയുടെ ലാഭമുണ്ട്.