ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ കൈവിലങ്ങ് വച്ചതില്‍ അന്വേഷണം. കഴിഞ്ഞ ദിവസം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ സമയത്താണ് ഒരു കൈയില്‍ വിലങ്ങ് അണിയിച്ചത്. ഇതില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് റിപ്പോര്‍ട്ട് തേടിയത്.
തിരുവനന്തപുരം എആര്‍ ക്യാംപിലെ ഡെപ്യൂട്ടി കമാണ്ടന്റിനോടാണ് റിപ്പോര്‍ട്ട് ഉടന്‍ നല്കാന് നിര്‍ദേശിച്ചിരിക്കുന്നത്. പൊലീസുകാരെ ആക്രമിക്കാനോ, ഓടിരക്ഷപ്പെടാനോ സാധ്യതയില്ലാത്ത പ്രതിയായ വാസുവിനെ വിലങ്ങ് വച്ച് കൊണ്ടുപോയത് അനാവശ്യ നടപടി എന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു സുരക്ഷാ ചുമതല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. അതേസമയം, സ്വര്‍ണ്ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.
Read more
ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. മാര്‍ച്ച് 31-ന് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് വാസു മാറിയിരുന്നു. പിന്നീട് എ. പത്മകുമാറിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി.







