വി.ഡി സതീശന് എതിരെയുള്ള ഐ.എന്‍.ടി. യു.സി പ്രകടനം ആര്‍. ചന്ദ്രശേഖരന്റെ മൗനാനുവാദത്തോടെ, ചന്ദ്രശേഖരനെ ഐ.എന്‍.ടി.യു.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമവും പൊളിഞ്ഞു

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ ചങ്ങനാശേരിയില്‍ നടത്തിയ പ്രകടനം സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റെ അനുമതിയോടെയെന്ന് വ്യക്തമാകുന്നു. ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലന്ന വി ഡി സതീശന്റെ പ്രസ്താവന വലിയ പ്രതിഷേധമാണ് ഐ എന്‍ ടി യു സി നേതാക്കള്‍ക്കിടയിലും , പ്രവര്‍ത്തകര്‍ക്കിടയിലും ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ പണിമുടക്കില്‍ സി ഐ ടി യു വിനൊപ്പം ഐ എന്‍ ടി യുസിയും തോളോട് തോള്‍ ചേര്‍ന്ന് പങ്കെടുക്കുക മാത്രമല്ല സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിനെതിരെ എഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്ശത്തില്‍ സി പിഎം നേതാക്കളെക്കാള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനായിരുന്നു. എന്നാല്‍ വി ഡി സതീശനും കെ സുധാകരനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചന്ദ്രശേഖരന്റെ ഈ നടപടിയില്‍ കടുത്ത അസംതൃപ്തിയുണ്ടായിരുന്നു. പണിമുടക്കിന്റെ പേരില്‍ നടന്ന അക്രമങ്ങളെ ന്യായീകരിക്കുന്ന രീതിയിലുള്ള നിലപാട് ചന്ദ്രശേഖരന്‍ കൈക്കൊണ്ടതും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് വിളിച്ചുവരുത്തിയിരുന്നു.

വി ഡി സതീശനുമായും കെ സുധാകരനുമായും കെ സി വേണുഗോപാലുമായും അടുപ്പമില്ലാത്ത നേതാവാണ് ആര്‍ ചന്ദ്രശേഖരന്‍, അത് കൊണ്ട് തന്നെ ഇവരുടെ നേതൃത്വത്തിനെതിരെ പലപ്പോഴും എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത നേതാവാണദ്ദേഹം. ചന്ദ്രശേഖരനെ ഐ എന്‍ ടി യു സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമം കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതിനെ ചെറുത്ത് തോല്‍പ്പിച്ചാണ് ചന്ദ്രശേഖരന്‍ തല്‍സ്ഥാനത്ത് തുടരുന്നത്. ഐ എന്‍ ടി യു സി അഖിലേന്ത്യാ പ്രസിഡന്‍ ജി സജ്ഞീവറെഡ്ഡിയുമായുള്ള വ്യക്തിബന്ധമാണ് ഇപ്പോഴും ചന്ദ്രശേഖരനെ ആ സ്ഥാനത്ത് നിലനിര്‍ത്തുന്നത്. ചന്ദ്രശേഖരന്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റായതിന് ശേഷം സംഘടനക്ക് കേരളത്തില്‍ വലിയ തോതില്‍ വളര്‍ച്ചയുണ്ടയെന്ന് ചന്ദ്രശേഖരനെ അനുകൂലിക്കുന്നവര്‍ പറയുന്നു. അത് കൊണ്ട് ഐ എന്‍ ടി യുസിയുവില്‍ വളരെ സ്വാധീനമുള്ള നേതാവായാണ് ചന്ദ്രശേഖരന്‍ അറിയപ്പെടുന്നത്.

ഇന്ന് ചങ്ങനാശേരിയില്‍ സതീശനെതിരെ നടന്ന രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ വീണ്ടും ഐ എന്‍ ടി യുസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുണ്ടാവുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കും. കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് ആര്‍ ചന്ദ്രശേഖരനെതിരെ വലിയ അഴിമിത ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കശുവണ്ടി ഇറക്കുമതി കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന അന്വേഷണകമ്മീഷന്റെ നിലപാട് സംസ്ഥാന സര്‍ക്കാര്‍ തള്ളിയത് ആര്‍ ചന്ദ്രശേഖരനും പിണറായി വിജയനും തമ്മിലുള്ള അവിശുദ്ധ ബന്ധം കൊണ്ടാണെന്ന് പല കോണ്‍ഗ്രസ് നേതാക്കളും വിശ്വസിക്കുന്നു.