റെയില്‍വേ ട്രാക്കിലൂടെ നടന്ന സ്ത്രീകള്‍ തോട്ടില്‍ വീണ സംഭവം; ഒരാള്‍ മരിച്ചു

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന് തോട്ടില്‍ വീണ യുവതി മരിച്ചു. വി ആര്‍ പുരം സ്വദേശി ദേവീ കൃഷ്ണ (28) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദേവീകൃഷ്ണയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെയാണ് റെയില്‍വേ ട്രാക്കിലൂടെ നടന്ന് പോയ രണ്ട് സ്ത്രീകള്‍ തോട്ടില്‍ വീണത്. ദേവീകൃഷ്ണയ്ക്ക് ഒപ്പമുണ്ടായിരുന്ന ഫൗസിയ പരിക്കേറ്റ് ആശുപത്രിയിലാണ്. രാവിലെ ഇരുവരും ജോലിക്കു പോകവെയാണ് അപകടമുണ്ടായത്.

വി.ആര്‍.പുരം റോഡിലെ വെള്ളക്കെട്ട് മൂലമാണ് ഇവര്‍ റെയില്‍വേ ട്രാക്കിലൂടെ പോയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നടക്കുന്നതിനിടെയില്‍ ട്രെയിന്‍ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇരുവരെയും നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇരുവരും തോട്ടിലെ ചെളിയില്‍ താണുപോവുകയായിരുന്നു. വെള്ളത്തില്‍ ഉണ്ടായിരുന്ന ഇരുമ്പു കുറ്റിയില്‍ തട്ടിയാണ് പരിക്കേറ്റതെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഗുരുതര പരുക്കുകളോടെയാണ് ദേവീകൃഷ്ണയെ ആശുപത്രിയിലെത്തിച്ചത്.