ദേശീയപാത പുനർനിർമ്മാണത്തിൽ അപാകത; ആരിഫിന്റെ ആരോപണം വിജിലൻസ് അന്വേഷിക്കണം: രമേശ് ചെന്നിത്തല

ചേർത്തല അരൂർ ദേശീയപാത റീച്ചിന്റെ പുനർനിർമ്മാണത്തിൽ അപാകത ഉണ്ടെന്ന ആലപ്പുഴ എം.പി ആരിഫിന്റെ ആരോപണം കഴമ്പുള്ളതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകാൻ തീരുമാനിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു.

കേസിൽ ആവശ്യ നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുക ആയിരിക്കും അടുത്ത മാർഗം. ദേശീയപാതയുടെ പുനർനിർമാണം മുഖേനെ അഴിമതി നടന്നിരിക്കുന്നു എന്നത് വ്യക്തമാണ്. ആരിഫിന്റെ ആരോപണം പാർട്ടിക്കുള്ളിലെ അഭ്യന്തരവിഷയമായി കാണുന്നില്ല. ഇത് ജനങ്ങളുടെ പ്രശ്നമാണ്. ആരോപണത്തിൽ ആരിഫ് ഉറച്ചു നിൽക്കും എന്ന് വിശ്വസിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജി സുധാകരൻ പൊതുമരാമത്ത്​ മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർ നിർമ്മാണത്തിൽ വിജിലൻസ്​ അന്വേഷണം നടത്തണമെന്ന്​ എ എം ആരിഫ്​ എം പി ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി മുഹമ്മദ്​ റിയാസിന്​ ഇതുമായി ബന്ധപ്പെട്ട്​ അദ്ദേഹം കത്തും​ നൽകിയിരുന്നു. 36 കോടി ചെലവിട്ട് ജര്‍മ്മന്‍ സാങ്കേതികവിദ്യയോടെയായിരുന്നു പുനര്‍നിര്‍മ്മാണം. ദേശീയപാത 66ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ ചേർത്തല വരെയുള്ള ഭാഗത്തിന്‍റെ നിർമാണത്തിൽ ക്രമക്കേടുണ്ടെന്നാണ്​ ആരോപണം.

അതേസമയം വിജിലൻസ് അന്വേഷണം എന്ന എ.എം.ആരിഫ് എംപിയുടെ ആവശ്യം സിപിഎം നേതൃത്വം തള്ളിയിരുന്നു. ജില്ലാ സെക്രട്ടറി ആർ.നാസർ, മന്ത്രി സജി ചെറിയാൻ എന്നിവരുൾപ്പെടെ ആരിഫിന്റെ നടപടിയെ തള്ളിപ്പറഞ്ഞു. തുടർഭരണം കിട്ടിയ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് എംപിയുടെ പരാതി കോട്ടം വരുത്തുമെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം.