അനധികൃത റോപ് വേ പൊളിച്ച് നീക്കി, പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയില്‍ നടപടികള്‍ തുടരുന്നു

എം.എല്‍.എ പി.വി അന്‍വറിന്റെ ഭാര്യാ പിതാവ് സി കെ അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ റോപ് വേ പൊളിച്ച് നീക്കി. കക്കാടം പൊയിലിലെ ചീങ്കണ്ണിപ്പാലിയിലെ റോപ് വേയാണ് പൊളിച്ച് നീക്കിയത്. അനുമതി ഇല്ലാതെയാണ് ഇവിടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത് എന്ന് നിലമ്പൂര്‍ സ്വദേശി പരാതി നല്‍കിയിരുന്നു. ഓംബുഡ്സ്മാന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിച്ച് നീക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്.

ചീങ്കണ്ണിപാലിയില്‍ വനഭൂമിയോട് ചേര്‍ന്ന് മൂന്ന് മലകളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ച റോപ്പ് വേയാണ് പൊളിച്ചുനീക്കിയത്.സ്ഥലത്തെ കോണ്‍ക്രീറ്റ് അടിത്തറ അടക്കമുള്ള വൈകാതെ പൊളിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അനധികൃത നിര്‍മ്മാണങ്ങള്‍ പൂര്‍ണ്ണമായും മാര്‍ച്ച് മാസത്തോടെ പൊളിച്ച് നീക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കക്കാടം പൊയിലിലെ ഭൂമിയില്‍ 2015-16 കാലഘട്ടത്തിലാണ് അനുമതിയില്ലാതെ തടയണകള്‍ ഉള്‍പ്പടെ നിര്‍മ്മിച്ചത്. ഇത് പൊളിച്ച് മാറ്റണം എന്ന് നേരത്തെ ഹൈക്കോടതിയും ഓംബുഡ്സ്മാനും നിര്‍ദ്ദേശിച്ചിരുന്നു. റസ്റ്റോറന്റിനായുള്ള അനുമതിയുടെ മറവില്‍ നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ച് മാറ്റി നവംബര്‍ 30ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ അത് നടപ്പിലായില്ല.

തുടര്‍ന്ന് റോപ് വേ പൊളിച്ച് മാറ്റാനുള്ള ഉത്തരവ് നടപ്പിലാക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ മുന്നറിയിപ്പ് നല്‍കി. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കി ജനുവരി 25ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ വീണ്ടും നടപടികള്‍ വൈകുകയായിരുന്നു.