ഐ.ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ തുടരും

മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ.ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ തുടരാന്‍ ശിപാര്‍ശ. സസ്‌പെന്‍ഷന്‍ നീട്ടാനുള്ള ശിപാര്‍ശ ഉന്നതതല സമിതി ശരിവെച്ചു. ആറ് മാസത്തേക്ക് കൂടിയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട അവലോകന യോഗത്തിലായിരുന്നു തീരുമാനം.

മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ച് വകുപ്പ് തല അന്വേഷണം തുടരുകയാണ്. നവംബര്‍ 10 നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലായിരുന്നു വീണ്ടും അവലോകന യോഗം ചേര്‍ന്നത്. അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.

കേസില്‍ ഇതുവരെ ഇദ്ദേഹത്തെ പ്രതി ചേര്‍ത്തിട്ടില്ല. ലക്ഷ്മണയെ പ്രതി ചേര്‍ക്കാന്‍ വേണ്ട തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സര്‍ക്കാരിനെ അറിയിച്ചത്. മോൻസണുമായുള്ള ഐജിയുടെ ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പലതും പുറത്ത് വന്നിരുന്നു. പ്രതിയുമായി ഐജിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ലക്ഷ്മണയെ ചോദ്യം ചെയ്തിരുന്നു. മോൻസണെതിരെ ആലപ്പുഴ എസ്.പി നടത്തിയ അന്വേഷണത്തില്‍ ഐജി ലക്ഷ്മണ ഇടപെട്ടതിന്റെ അടിസ്ഥാനത്തിലും വകുപ്പുതല അന്വേഷണം നടന്നിരുന്നു.