ദുരന്തം എന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിയെ ഓര്‍മ്മ വരും; ആരോഗ്യമന്ത്രിയ്ക്ക് വിവരമില്ല; സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് കെഎം ഷാജി

നിപ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിപയെ ഒരു സാധ്യതയായി കാണരുതെന്ന് കെഎം ഷാജി പറഞ്ഞു. നിപ വൈറസ് ബാധയെ കുറിച്ച് എന്ത് ശാസ്ത്രീയ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ളതെന്നും ഷാജി ചോദിച്ചു.

നിപ എന്ന് പറഞ്ഞാല്‍ ഓര്‍മ്മ വരുന്നത് വവ്വാലിനെ ആണെന്നും ദുരന്തം എന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിയെ ഓര്‍മ്മ വരുമെന്നും ഷാജി ആരോപിച്ചു. ഏഴ് മാസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ഒറ്റ ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞിട്ടില്ലെന്നും കെഎം ഷാജി അറിയിച്ചു.
നിങ്ങള്‍ക്ക് ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. പിരിവെടുക്കാന്‍ പറ്റിയ പണിയാണ്. ആളുകളെ ബുദ്ധിമുട്ടിക്കാം. ജനങ്ങളെ പേടിപ്പിച്ച് നിര്‍ത്താം. വൈകുന്നേരം വന്ന് മുഖ്യമന്ത്രിയ്ക്ക് പത്ര സമ്മേളനം നടത്താന്‍ പറ്റിയ പണിയാണ്. പിന്നെ മകള്‍ക്കും മകനും മോഷ്ടിക്കാം. അതിനിടയിലൂടെ നിപയും മറ്റുമൊക്കെ വന്നുപോകുമെന്നും കെഎം ഷാജി ആരോപിച്ചു.

ഒരു വിവരവുമില്ലാത്ത വ്യക്തിയാണ് ആരോഗ്യ വകുപ്പിന്റെ തലപ്പത്തുള്ള മന്ത്രിയെന്നും നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണാ ജോര്‍ജ്ജിന്റെ മന്ത്രി പദവിയെന്നും കെഎം ഷാജി ആരോപിച്ചു. വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും കാര്യങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവ് കെകെ ശൈലജയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യത എന്താണെന്ന് ചോദിച്ച ഷാജി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ എന്ത് മാറ്റമാണുണ്ടായിട്ടുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.