'തെറ്റ് ഉണ്ടെങ്കിൽ പറഞ്ഞ് തരൂ, നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണം'; ഒരു കാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ലെന്ന് ശശി തരൂർ

ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ നൽകിയ ലേഖനത്തിൽ പ്രതികരണവുമായി ശശി തരൂർ. നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണമെന്നും ഒരു കാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ലെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിന്റെ പോരായ്മകളും ലേഖനത്തിൽ ചൂണ്ടി കാണിച്ചിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു.

ലേഖനം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചല്ലെന്നും തരൂർ പറഞ്ഞു. ലേഖനത്തിൽ എവിടെയും സിപിഎമ്മിന്റെ പേരില്ല. തിരുത്തണമെങ്കിൽ തെറ്റ് ലേഖനത്തിൽ കാണിച്ച് തരൂ. നല്ല കാര്യം ആര് ചെയ്താലും അത് അംഗീകരിക്കണം. കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് ആന്റണി സർക്കാരാണെന്നും ശശി തരൂർ പറഞ്ഞു.

Read more

കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചെഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വ്യവസായ മേഖലയിലെ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ലേഖനം. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നാണ് ശശി തരൂരിൻ്റെ ലേഖനത്തിൽ പറയുന്നത്.

 ശശി തരൂരിൻ്റെ ലേഖനം വ്യവസായ മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ വികസന നേട്ടം എന്ന നിലയിൽ അവതരിപ്പിച്ചിരുന്നു. സിപിഐഎമ്മിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളും തരൂരിൻ്റെ ലേഖനം വ്യാപകമായി പ്രചരിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തിയിരുന്നു. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂർ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞിരുന്നു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ടുവരേണ്ടതുണ്ടെന്നും വി ഡി സതീശൻ പ്രതികരിച്ചിരുന്നു. രമേശ് ചെന്നിത്തലയും ശശി തരൂരിൻ്റെ നിലപാട് തള്ളി രം​ഗത്തെത്തിയിരുന്നു. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും നല്ലത് കണ്ടാൽ നല്ലതാണെന്ന് തന്നെ പറയുമെന്നും ശശി തരൂർ പ്രതികരിച്ചിരുന്നു.