'നിലമ്പൂരിലേക്ക് തന്നെ ക്ഷണിച്ചില്ല'; പാർട്ടിയെ വെട്ടിലാക്കിയുള്ള ശശി തരൂരിന്റെ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി

നിലമ്പൂരിലേക്ക് തന്നെ ക്ഷണിച്ചില്ല ശശി തരൂരിന്റെ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. തരൂരിന്റെ പ്രതികരണം ചില താൽപര്യങ്ങളുടെ പേരിലാണെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. അതേസമയം തരൂരിന്റെ വിമർശനങ്ങളെ അവഗണിക്കാനാണ് നേതാക്കളുടെ തീരുമാനം.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടെപ്പിനിടെയാണ് പാർട്ടിയെ വെട്ടിലാക്കിയുള്ള ശശി തരൂരിന്റെ പ്രതികരണം. തന്നെ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട് തരൂർ പ്രതികരിച്ചിരുന്നു. താര പ്രചാരകരുടെ പട്ടികയിൽ ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തിയിട്ടും എന്തുകൊണ്ട് പരിപാടികളിൽ ക്ഷണിച്ചില്ലെന്നാണ് തരൂർ ക്യാമ്പിലെ മറു ചോദ്യം.

അതേസമയം ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങളെ ശശി തരൂര്‍ തള്ളിയത് ആശ്വാസമാണെങ്കിലും പുതിയ വിവാദം കോൺഗ്രസിന് തലവേദനയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് തന്നെ കോണ്‍ഗ്രസ് ക്ഷണിച്ചില്ലെന്ന് ശശി തരൂര്‍ പരസ്യമായി പറഞ്ഞിരുന്നു. ക്ഷണം ഉണ്ടായിരുന്നില്ല, നിലമ്പൂരിലെ തെരഞ്ഞെടുപ്പ്‌ പരിപാടികളെക്കുറിച്ച്‌ യാതൊരു വിവരവും പറഞ്ഞിരുന്നുമില്ല. ക്ഷണിച്ചാൽ പോകുമായിരുന്നു, ക്ഷണിക്കാത്ത ഇടത്തേക്ക്‌ പോകാറില്ല. കൂടുതൽ സംസാരിച്ച്‌ വോട്ടെടുപ്പ്‌ ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ലെന്നും തരൂർ പറഞ്ഞു.

Read more