'സംതൃപ്തനാണ്... ഇത്രയും തൃപ്തി മുമ്പൊന്നും ഉണ്ടായിട്ടില്ല'; കെപിസിസി പുനഃസംഘടനയെ പരിഹസിച്ച് കെ സുധാകരന്‍

കെപിസിസി പുനഃസംഘടനയെ പരിഹസിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പുനഃസംഘടനയില്‍ തൃപ്തനാണെന്നും, ഇത്രയും തൃപ്തി മുന്‍ ഉണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ അതൃപ്തി പുകയുന്നതിനിടെയാണ് കെ സുധാകരന്‍റെയും പരസ്യപ്രതികരണം.

‘തൃപ്തിയിലാണ്. സംതൃപ്‌തിയിലാണ്. ഇത്രയും നല്ല തൃപ്തി എനിക്ക് മുൻപ് ഉണ്ടായിട്ടില്ല’ എന്നായിരുന്നു സുധാകരൻ്റെ മറുപടി. കണ്ണൂരിൽ നിന്ന് സോണി സെബാസ്‌റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി എന്നിവരെ ജനറൽ സെക്രട്ടറിമാരായും വി.എ.നാരായണനെ ട്രഷററുമായാണ് നിയമിച്ചത്. അതേസമയം നിര്‍ദ്ദേശിച്ചവരെ പരിഗണിക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും അതൃപ്തിയുണ്ട്. യുവാക്കളെ പരിഗണിക്കാത്തത് ശരിയല്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എത്രയും പെട്ടെന്ന് കെപിസിസി സെക്രട്ടറിമാരെ നിയമിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കെപിസിസി പുനഃസംഘടനയില്‍ താൻ പേര് നിർദേശിച്ചവരെ പരിഗണിക്കാത്തതിലെ നീരസം പരസ്യമാക്കി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കില്ലെന്നതടക്കമുള്ള നിലപാടാണ് കെ മുരളീധരൻ സ്വീകരിച്ചത്. എന്നാൽ മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിനായി. മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നയാരുന്നു കെ മുരളീധരന്റെ വിശദീകരണം. എന്നാല്‍ ജാഥാ ക്യാപ്റ്റന്‍ ഇല്ലാതെ സമാപന സമ്മേളനത്തിലേക്ക് കടക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നാണക്കേടായിരുന്നു.

Read more