'തെരുവിലെ രാഷ്ട്രീയക്കാരനായി പിവി അൻവർ മാറിയതിൽ ദുഖമുണ്ട്, തിരിച്ചു വരേണ്ട എന്ന് പറയില്ല'; കെ സുധാകരൻ

പി വി അൻവറിനെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിവി അൻവർ യുഡിഎഫിലേക്ക് ഇനി തിരിച്ചു വരണ്ടെന്ന് തങ്ങൾ പറയില്ലെന്ന് പറഞ്ഞ കെ സുധാകരൻ രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നുവെന്നും പറഞ്ഞു.

തന്നോടൊപ്പം വളർന്ന പഴയ കോൺഗ്രസുകാരനാണ് അൻവ എന്ന് പറഞ്ഞ കെ സുധാകരൻ ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി പിവി അൻവർ മാറിയതിൽ ദുഖമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം പിവി അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട്.

പിവി അൻവറിന്റെ പ്രസ്താവനകൾക്ക് മറുപടിയില്ല. എല്ലാ ചർച്ചയുടെയും വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട്, പക്ഷേ പറയുന്നില്ല. രാജ്‌ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭാരത മാതാവിൻ്റെ ചിത്രം രാജ് ഭവനിൽ വയ്ക്കുന്നത് ശരിയല്ല. രാജ് ഭവൻ ഇത്തരം പരിപാടികൾക്ക് വേദിയാക്കരുത്. പിണറായി വിജയൻ ചുണ്ടനക്കാത്തത് എന്താണ് എന്ന് സതീശൻ ചോദിച്ചു.

Read more