പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ സമർപ്പിച്ച സംഘടനാ പ്രമേയത്തിലാണ് പരാമർശം. വേറിട്ട വരികളിലൂടെ രാഷ്ട്രീയം പറഞ്ഞ് വേടൻ പുതിയ തലമുറയെ ആകർഷിക്കുന്നുവെന്നും ഇത് മാതൃകയാക്കണമെന്നുമാണ് യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പരാമർശിച്ചിട്ടുള്ളത്.
സമരമാർഗങ്ങളിലടക്കം വ്യത്യസ്ത സമീപനങ്ങൾ ആവശ്യമാണെന്നും യൂത്ത് കോൺഗ്രസ് ഇതിലേക്ക് കടക്കണമെന്നും പ്രമേയത്തിൽ പറയുന്നു.അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവർത്തനരീതി പുതുക്കേണ്ടതുണ്ടെന്നും നിർദ്ദേശം ഉയർന്നു.
യൂത്ത് കോൺഗ്രസിൽ അംഗമായി പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശിപാർശയും പ്രമേയത്തിൽ ഉൾപ്പെടുത്തി. സംഘടനാ ഭാരവാഹിത്വത്തിൽ അനർഹരായ ആളുകൾ കടന്നുകൂടുന്നതായി ശക്തമായ വിമർശനങ്ങളും ഉയർന്നു. അതേസമയം ‘ക്യാപ്റ്റൻ’, ‘മേജർ’ വിളികൾ നാണക്കേടെന്നും നേതാക്കൾ അപഹാസ്യരാകരുതെന്നും പ്രമേയ ചർച്ചയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.