എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു അനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകാൻ പാടില്ല എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണമെന്നും മന്ത്രി കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ടോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്കൂൾ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യ വിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടും. വിഷയം ഒത്തുതീർപ്പായാൽ കടുത്ത നടപടി ഉണ്ടാകില്ല. അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട മന്ത്രിയുടെ മുൻ നിലപാട് തിരുത്തുന്നതായിരുന്നു ഇന്നലെത്തെ നിലപാട്. സ്കൂൾ നിയമങ്ങൾ അനുസരിക്കണമെന്ന തരത്തിലായിരുന്നു മംന്ത്രിയുടെ മുൻ നിലപാട്. അതേസമയം വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ സഭ രംഗത്തെത്തിയിട്ടുണ്ട്. ഇരു കൂട്ടരും രമ്യമായി പരിഹരിച്ച വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വർഗീയശക്തികൾക്ക് വിളയാടാൻ പാകത്തിന് ഇട്ടു കൊടുത്ത വിവേക ശൂന്യത മന്ത്രിക്ക് ഉണ്ടാകാൻ പാടില്ല എന്നാണ് സഭയുടെ നിലപാട്. വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട കോടതി വെല്ലുവിളിക്കുകയാണോ എന്നും സീറോ മലബാർ സഭ ചോദിച്ചു. ഇത്തരത്തിലുള്ള പ്രതികരണം നടത്താൻ മന്ത്രിക്ക് അവകാശമില്ലെന്നും സഭ കുറ്റപ്പെടുത്തി.







