വിമര്‍ശനം ആവര്‍ത്തിച്ച് ഹൈക്കോടതി; കെ- റെയിലില്‍ സിംഗിള്‍ ബെഞ്ചും സര്‍ക്കാരും നേര്‍ക്കുനേര്‍

കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കെ റെയില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട കല്ലിടലിലാണ് കോടതിയുടെ വിമര്‍ശനം. സാമൂഹികാഘാത പഠനത്തിന് എന്തിനാണ് ഇത്രയും വലി. കല്ലുകള്‍ ഇടുന്നതെന്ന് കോടതി ചോദിച്ചു. കോടതി വന്‍കിട പദ്ധതികള്‍ക്ക് എതിരാണെന്ന പ്രതീതി സൃഷ്ടിക്കരുതെന്നും, സര്‍ക്കാര്‍ കൃത്യമായ വിശദീകരണം നല്‍കുന്നില്ലെന്നും കോടതി പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. അതേസമയം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നതായി സര്‍ക്കാര്‍ അറിയിച്ചു. കോടതിയുടെ ഇത്തരം പ്രസ്താവനകള്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. കോടതി ഉത്തരവ് വന്നാല്‍ മല്‍ക്കോടതിയില്‍ അപ്പീല്‍ പോകാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ജനതാല്‍പര്യത്തിനൊപ്പം സര്‍ക്കാര്‍ താല്‍പര്യങ്ങളും കോടതി കാണണമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.

അതോസമയം കെ റെയില്‍ സര്‍വ്വേ നടപടികളുമായി മുന്നോട്ടുപോകാമെന്ന് ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ച് വ്യക്തമാക്കി. കെ റെയില്‍ സര്‍വ്വേ തടയണമെന്ന ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് നഗരേഷിന്റെ ഉത്തരവ്. നേരത്തെ സുപ്രീംകോടതിയില്‍ നിന്നും കെ റെയില്‍ സര്‍വ്വേയ്ക്ക് പച്ചക്കൊടി ലഭിച്ചിരുന്നു.