യുഎഇയിൽ കനത്ത മഴ: കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, EK 533 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാർക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

കനത്ത മഴയിൽ ദുബായ് ടെർമിനലിലെ സാങ്കേതിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സർവീസുകൾ റദ്ദാക്കിയത്. മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

യുഎഇയിലെ കനത്ത മഴ കാരണം നെടുമ്പാശ്ശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ നേരത്തെ യാത്ര റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളുടെയും ഷാർജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനവുമാണ് യാത്രയാണ് റദ്ദാക്കിയത്.

യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേർട്ടുകൾ പിൻവലിക്കുകയായിരുന്നു. അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴയാണുള്ളത്. അതേസമയം ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണെന്നാണ് റിപ്പോർട്ട്.