ശബരിമല സ്വർണപ്പാളി വിവാദത്തിലെ സസ്പെൻഷന് പിന്നാലെ ഗുരുതര വെളിപ്പെടുത്തലുമായി മൂരാരി ബാബു. ചെമ്പെന്ന് രേഖപ്പെടുത്തി ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കടത്തിയെന്നാണ് മൂരാരി ബാബുവിന്റെ തുറന്ന് പറച്ചിൽ. ചെയ്ത കാര്യങ്ങൾ എല്ലാം നടപടിക്രമങ്ങൾ പാലിച്ചാണെന്നും മുരാരി ബാബു പറഞ്ഞു. അതേസമയം ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്.
നിലവിൽ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ വീഴ്ച്ച കണ്ടെത്തിയിരുന്നു. 2019 ൽ സ്വർണ്ണപ്പാളി ചെമ്പ് പാളി ആണെന്ന റിപ്പോർട്ട് എഴുതിയത് അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ആണ്. 2025 ൽ സ്വർണ്ണ പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയായിരുന്നു വിജിലൻസ് റിപ്പോർട്ട്. മുരാരി ബാബു 2024 ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണപ്പാളി നവീകരണത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് ദേവസ്വം ബോർഡ് നിരാകരിച്ചിരുന്നു.







