താനൊരു തെറ്റും ചെയ്തിട്ടില്ല; ഉത്രയുടെ അച്ഛൻ പറഞ്ഞത് മാത്രമാണ് കോടതി കേട്ടതെന്ന് പ്രതി സൂരജ്

അഞ്ചൽ ഉത്ര വധക്കേസിൽ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചെങ്കിലും താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പ്രതി സൂരജ്. ഉത്രയുടെ അച്ഛൻ പറഞ്ഞത് മാത്രമാണ് കോടതി കേട്ടതെന്നും കോടതിയിൽ നൽകിയ മൊഴികൾ പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകുമെന്നും സൂരജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കോടതി വിധി അപക്വമാണെന്നും നീതിവിരുദ്ധമാണെന്നും സൂരജിൻറെ അഭിഭാഷകൻ പ്രതികരിച്ചു. അപ്പീൽ പോകുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ബുധനാഴ്ച വിധി പ്രസ്താവിക്കുമ്പോൾ കോടതിമുറിയിൽ നിർവികാരനായി നില്‍ക്കുകയായിരുന്നു, സൂരജ്. ഉത്രയുടെ പിതാവും, സഹോദരനും കോടതിയിൽ എത്തിയിരുന്നു. വിധി പറയുന്നത് കേൾക്കാൻ നൂറുകണക്കിന് ആളുകളും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് സൂരജിനെ ജീപ്പിൽ നിന്നും കോടതി മുറിയിൽ എത്തിച്ചത്.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. കൊല, കൊലപാതകം, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ സൂരജ് ചെയ്തിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചും മുൻ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതിനാലും സുപ്രീം കോടതി നിഷ്‌കർഷിക്കുന്ന നിയമ പ്രകാരം സൂരജിന് നാല് കേസുകളിലും ജീവപര്യന്തം തടവും, അഞ്ച് ലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു.

മൂർഖൻപാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂർവമായ കേസിൽ ഭർത്താവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജിന്റെ പേരിൽ ആസൂത്രിത കൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷം നൽകി പരിക്കേൽപ്പിക്കൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2020 മേയ് ആറിനു രാത്രി സ്വന്തം വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. നേരത്തെ ഇത്തരത്തിൽ രണ്ട് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. പൂനെയിലും, നാഗ്പൂരിലും റിപ്പോർട്ട് ചെയ്ത കേസിൽ പക്ഷെ തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.