പൊലീസിന്റെ മീഡിയ ബ്രീഫിംഗ് അവസാനിപ്പിക്കാനുള്ള നട്ടെല്ലില്ലാത്ത പിണറായി വിജയന്റെ ലീഡര്‍ഷിപ്പ് പ്രതികളെ സഹായിക്കുകയാണ്: ഹരീഷ് വാസുദേവന്‍

പൊലീസിന്റെ മീഡിയ ബ്രീഫിങ് പ്രതികളെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ മോക് ട്രയല്‍ നടത്തും. ഇത് തകര്‍ക്കുന്നത് നിയമപരമായി നടക്കേണ്ട ഇന്‍വെസ്റ്റിഗേഷനും ട്രയലുമാണ് എന്നാണ് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഹരീഷ് വാസുദേവന്റെ കുറിപ്പ്:

പ്രമാദമായ എല്ലാ കേസിന്റെയും വിചാരണയില്‍ പ്രതിഭാഗം ഉപയോഗിക്കുന്നത് അറസ്റ്റിനു ശേഷവും മുമ്പും പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിശദീകരണങ്ങള്‍ ആണ്. അന്വേഷണം കഴിയുന്നതിനു മുമ്പ് കിട്ടുന്ന അറ്റവും മൂലയും കൂട്ടിമുട്ടാത്ത എല്ലാ ഊഹാപോഹവും വെച്ച് കഥയുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മോക് ട്രയല്‍ നടത്തും, ഷൈന്‍ ചെയ്യാന്‍. പ്രതിഭാഗം തെളിവെല്ലാം ശേഖരിക്കും. അന്വേഷണം പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യം പറഞ്ഞ കഥ ഒക്കില്ല. അതാവില്ല കുറ്റപത്രത്തില്‍ പൊലീസിന്റെ വേര്‍ഷന്‍.

നിയമപരമായ വലിയ സാധുതയില്ലെങ്കിലും ഒറിജിനല്‍ ട്രയല്‍ വരുമ്പോള്‍ പൊലീസിന്റെ ഈ അന്വേഷണ സ്റ്റേജിലെ മീഡിയ ട്രയല്‍ മുഴുവന്‍ പ്രതികള്‍ക്ക് അനുകൂലമായാണ് കണ്ടിട്ടുള്ളത്. അതായത്, സത്യമറിയാനെന്ന പേരില്‍ ഗര്‍ഭപാത്രത്തില്‍ക്കയറി കൊച്ചുണ്ടായോ എന്ന് നോക്കുന്ന മാധ്യമങ്ങളും അതിനു നിന്നുകൊടുക്കുന്ന പൊലീസും ചേര്‍ന്ന് തകര്‍ക്കുന്നത് നിയമപരമായി നടക്കേണ്ട ഇന്‍വെസ്റ്റിഗേഷനും ട്രയലുമാണ്. പ്രതികള്‍ക്ക് അനുകൂലമാണ് അതെപ്പോഴും. പ്രോസിക്യൂഷന് എതിരും.

ഇത് മനസിലാക്കാനും പൊലീസിന്റെയീ മീഡിയ ബ്രീഫിങ് അവസാനിപ്പിക്കാനുമുള്ള നട്ടെല്ലില്ലെങ്കില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് പ്രതികളെ സഹായിക്കുകയാണ്. പ്രോസിക്യൂഷനെ ദുര്‍ബ്ബലപ്പെടുത്തുകയാണ്.