'കൈവിലങ്ങ് ധരിപ്പിച്ചത് വാസുവിൻ്റെ അനുമതിയോടെ'; പൊലീസുകാർക്കെതിരെ നടപടി ശുപാർശകളൊന്നുമില്ലാതെ അന്വേഷണ റിപ്പോർട്ട്

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് തയാറാക്കി പൊലീസ്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന പൊലീസുകാർക്കെതിരെ ശുപാർശകളൊന്നുമില്ലാതെയാണ് അന്വേഷണ റിപ്പോർട്ട്. കൈവിലങ്ങ് ധരിപ്പിച്ചത് വാസുവിൻ്റെ അനുമതിയോടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രതി രക്ഷപെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്നായിരുന്നു ജയിൽവകുപ്പിന്‍റെ നിർദ്ദേശമെന്നും അതുപ്രകാരമാണ് ഒരുകൈയിൽ പ്രതിയുടെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി മടങ്ങുമ്പോഴും കൈവിലങ്ങ് ധരിച്ചു. എസ്ഐടി ഉദ്യോഗസ്ഥരുടെ സാനേനിധ്യമുണ്ടായിരുന്നുവെന്നും പൊലീസുകാർ വിശദീകരിച്ചു എന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.

അതേസമയം സംഭവം ബോധപൂർവ്വം ചെയ്തതല്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. എ ആര്‍ ക്യാമ്പിലെ ഒരു എസ് ഐയും 4 പൊലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിൻ്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പൊലീസുകാര്‍ പറയുന്നു. സംഭവത്തില്‍ എആര്‍ കമാണ്ടൻ്റാണ് അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ‍ഡിജിപിക്ക് റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്.

Read more