ഹാദിയ തടങ്കലില്‍ അല്ല; ഹേബിയസ് കോര്‍പ്പസ് നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി

ഹാദിയയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധ തടങ്കലില്‍ അല്ലെന്ന് കോടതിയ്ക്ക് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടി. ഹാദിയ പുനര്‍വിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലില്‍ പാര്‍പ്പിച്ചതല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

മലപ്പുറം സ്വദേശിനിയായ സൈനബ ഉള്‍പ്പെടെയുള്ളവര്‍ തന്റെ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഏതാനും ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നുമായിരുന്നു അശോകന്റെ പരാതി. മലപ്പുറത്തെ ക്ലിനിക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് പൂട്ടിയ നിലയിലാണെന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അതേ സമയം താന്‍ പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്ത് താമസിക്കുന്ന വിവരം പിതാവിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അറിയാമെന്നും ഹാദിയ പറഞ്ഞു. പിതാവിനെ സംഘപരിവാര്‍ ഇപ്പോഴും ആയുധമാക്കുന്നുവെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു. താന്‍ സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കി.