അനുപമയുടെ പരാതിയില്‍ സര്‍ക്കാര്‍ ഇടപെടുന്നു; ദത്ത് നടപടി നിര്‍ത്തിവെയ്ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും

 

കുഞ്ഞിനെ തിരികെ കിട്ടാന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന അനുപമയ്ക്ക്‌ നിയമ സഹായവുമായി സര്‍ക്കാര്‍. കോടതിയില്‍ ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. അനുപമയുടെ കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാന്‍ മന്ത്രി വീണ ജോര്‍ജ്  നിര്‍ദേശം നല്‍കി. തിരുവനന്തപുരാം വഞ്ചിയൂര്‍ കുടുംബ കോടതിയെ സര്‍ക്കാര്‍ സമീപിക്കും. ദത്തു നല്‍കിയ കുഞ്ഞില്‍ അനുപമ ഉന്നയിക്കുന്ന അവകാശവാദം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അതേസമയം സെക്രട്ടേറിയേറ്റ്‌ പടിക്കല്‍ കുഞ്ഞിന്റെ അമ്മ അനുപയും അച്ഛൻ അജിത്തും നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.

മന്ത്രി വീണ ജോര്‍ജ് വകുപ്പ് സെക്രട്ടറിക്കാണ് കോടതിയെ സമീപിക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് തന്നെ കോടതിയെ ഇത് സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള നിര്‍ദേശവും സർക്കാർ പ്ലീഡര്‍ക്ക് നല്‍കിയിട്ടുണ്ട്. അല്‍പസമയത്തിനകം തന്നെ സർക്കാർ പ്ലീഡര്‍ ഇക്കാര്യം കോടതിയെ അറിയിക്കും. അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്കാണ് ദത്ത് നല്‍കിയിരിക്കുന്നതെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. താല്‍ക്കാലികമായാണ് ഇപ്പോള്‍ ദത്ത് നല്‍കിയിരിക്കുന്നത്. ഇതിന്റെ നടപടികള്‍ കോടതിയില്‍ പൂര്‍ത്തിയായിട്ടില്ല. അടുത്ത ആഴ്ച ഇതിന്റെ അന്തിമ വിധി വഞ്ചിയൂര്‍ കുടുംബ കോടതി പുറപ്പെടുവിക്കാനിരിക്കുകയാണ്.

തന്റെ കുഞ്ഞിനെയാണ് ആന്ധ്രയിലെ ദമ്പതികൾക്ക് ദത്തു നല്‍കിയതെന്ന അവകാശവാദം അനുപമ പലതവണ ഉയര്‍ത്തിക്കഴിഞ്ഞു. ഈ കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഈ കുഞ്ഞില്‍ അനുപമ അവകാശവാദം ഉയര്‍ത്തിയ കാര്യമാണ് സര്‍ക്കാര്‍ അല്‍പസമയത്തിനകം വഞ്ചിയൂര്‍ കോടതിയെ അറിയിക്കുക.

കുഞ്ഞിനെ ഏറ്റെടുത്തതും ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണവും സര്‍ക്കാര്‍ നടത്തും. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഈ ഉത്തരവും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കും. കുഞ്ഞിന്റെ കാര്യത്തില്‍ അന്തിമ വിധി വരുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.