ഫ്രാങ്കോ മുളക്കല്‍ കേസില്‍ അപ്പീലിന് സര്‍ക്കാര്‍ അനുമതി; വിധിക്ക് എതിരെ കന്യാസ്ത്രീയും അപ്പീല്‍ നല്‍കും

കന്യാസ്ത്രീകളെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അപ്പീലിന് അനുമതി നല്‍കിയത്. കന്യാസ്ത്രീയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

നേരത്തെ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധി വന്ന സാഹചര്യത്തില്‍ തന്നെ അപ്പീലിന് പോകുമെന്ന് പ്രോസിക്യൂഷനും, അന്വേഷണ സംഘവും പറഞ്ഞിരുന്നു. ഇതില്‍ സര്‍ക്കാരിന്റെ അനുമതിയും തേടിയിരുന്നു. നിയമപരവും, വസ്തുതാ പരവുമായ തെറ്റുകള്‍ കേസിന്റെ വിധിയില്‍ സംഭവിച്ചിട്ടുണ്ട് എന്നതടക്കം ഇരുപതിലേറെ കാരണങ്ങളാണ് എ ജി നിയപോദേശം നടത്തിയത്. ഏപ്രില്‍ എഴിന് ഹൈക്കോടതി മധ്യവേനല്‍ അവധിക്ക് പിരിയുന്നതിന് മുമ്പ് തന്നെ അപ്പീല്‍ നല്‍കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യുഷന്‍ തീരുമാനം.കന്യാസ്ത്രീയും അപ്പീല്‍ നല്‍കുന്നതോടെ ഡിവിഷന്‍ ബെഞ്ചാകും അപ്പീല്‍ പരിഗണിക്കുക. മധ്യവേനല്‍ അവധിക്ക് ശേഷമാകും കേസ് പരിഗണിക്കുക.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. എല്ലാ കുറ്റത്തില്‍ നിന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.

വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാല് മാസത്തോളം വിശദമായ അന്വേഷണം നടത്തി ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, അന്യായമായി തടവില്‍ വെയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരുന്നത്.