ഗര്‍ഭനിരോധന ഉറയില്‍ സ്വര്‍ണക്കടത്ത്, രണ്ടു പേര്‍ പിടിയില്‍

ഗര്‍ഭനിരോധന ഉറയില്‍ ദ്രവരൂപത്തില്‍ സ്വര്‍ണം കടത്തിയ രണ്ട് പേര്‍ പിടിയില്‍. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്നാസ് (25) എന്നിവരാണ് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്.

1.2 കിലോഗ്രാം സ്വര്‍ണമാണ് ഇവര്‍ ഇങ്ങിനെ കടത്താന്‍ ശ്രമിച്ചത്. അബ്ദുള്‍ ജസീര്‍ ഷാര്‍ജയില്‍ നിന്നും എത്തിച്ച സ്വര്‍ണം അജ്‌നാസിന്റെ സഹായത്തോടെ കോഴിക്കോട്ടേക്ക് കാറില്‍ കടത്തുന്നതിനിടയിലാണ് പിടിയിലാവുന്നത്.

ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ സൂക്ഷിച്ചാണ് സ്വര്‍ണം കടത്തിയത്. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മുമ്പും സ്വര്‍ണം കടത്തിയതായി ചോദ്യംചെയ്യലില്‍ ഇരുവരും മൊഴി നല്‍കി.

Read more

ഒരുതവണ സ്വര്‍ണം കടത്തിയാല്‍ ഒരുലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണുമാണ് പ്രതിഫലമെന്നും ഇവര്‍ മൊഴി നല്‍കി. ഒരുതവണ ഉപയോഗിച്ച ഫോണ്‍ പിന്നീട് ഉപേക്ഷിക്കുകയാണ് പതിവ്. തൃശൂര്‍ ഡിവിഷന്‍ അസി. കമ്മീഷണര്‍ ഡേവിസ് ടി. മന്നത്തിനാണ് തുടരന്വേഷണ ചുമതല.