സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ ജാമ്യഹർജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും. നിലവിൽ 15 ദിവസം കസ്റ്റംസിൻറെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പുകളുടെ ആവശ്യവും ഇല്ല. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്ന ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം സ്വപ്ന അധികാര കേന്ദ്രങ്ങളിൽ വൻ സ്വാധീനമുള്ള വ്യക്തിയാണെന്നും ഇവർ‍ പുറത്തു പോയാൽ കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളാ പൊലീസിലും വലിയ സ്വാധീനമാണ് സ്വപ്ന സുരേഷിനുള്ളത്. ഇത് ഉപയോഗിച്ച് സ്വപ്ന പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വലിയ സ്വാധീനം സ്വപ്ന സുരേഷിനുണ്ടെന്ന് എൻഐഎ കോടതിയിൽ ഉദ്യോഗസ്ഥര്‍ അറിയിച്ചതിന് പിന്നാലെയാണ് കസ്റ്റംസും സ്വപ്നക്കെതിരെ റിപ്പോര്‍ട്ട് നൽകിയത്. എൻഐഎ കോടതിയിൽ സ്വപ്ന കൊടുത്ത ജാമ്യഹർജി വാദം കേട്ട് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. കേസില്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന റമീസ് ഷഫീഖ്, ഷറഫുദ്ദീൻ എന്നിവരെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും.