ഗാന്ധി ചിത്രം തകര്‍ത്തത് അന്വേഷിക്കണം; എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താന്‍ നീക്കമെന്ന് കോടിയേരി

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. ഇത്തരം സമരങ്ങള്‍ ജനങ്ങളെ അകറ്റും. വയനാട് ജില്ലാ കമ്മിറ്റി പരിശോധിക്കും. പാര്‍ട്ടി അംഗങ്ങള്‍ ഉണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ എസ്എഫ്‌ഐ സാധാരണയുള്ള എസ്.എഫ്.ഐയുടെ സമര രീതിയല്ല കണ്ടത്. നുഴഞ്ഞ് കയറ്റം ഉണ്ടായോ എന്ന് പരിശോധിക്കണം. കാലതാമസം ഉണ്ടായിട്ടില്ല. നടപടിയെടുക്കേണ്ടത് എസ്.എഫ്.ഐ ആണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്. ഭീകര സംഘടനയെന്ന് പറഞ്ഞാണ് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

36 എസ്എഫ്ഐക്കാരെയാണ് കെ എസ് യു ഇല്ലാതാക്കിയതെന്നും കോടിയേറി ഓര്‍മപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം നടത്തിയപ്പോള്‍ ഗാന്ധി ഫോട്ടോ ഉണ്ട്. അത് താഴെയിട്ടത് ആരാണെന്ന് പൊലീസ് പരിശോധിക്കണംമെന്നും കോടിയേരി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് യുഡിഎഫ് അക്രമം അഴിച്ചുവിടുകയാണ്. .പ്രതിപക്ഷ നേതാവ് സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയാണോ എന്ന് പരിശോധിക്കണം. മറ്റുള്ളവരുടെ ഓഫീസുകള്‍ക്ക് നേരെ അക്രമം പാടില്ല എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ യുഡിഎഫിനാണ് ഗുണം ചെയ്യുകയെന്നും കോടിയേരി വ്യക്തമാക്കി.