ഇന്ധനവില വീണ്ടും കൂട്ടി; ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വർദ്ധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും ആണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 8 ദിവസത്തിനിടയിൽ 6 തവണയായി പെട്രോളിന് 1.40 രൂപയാണു വർദ്ധിപ്പിച്ചത്. ഡീസൽ വില 10 ദിവസത്തിനിടയിൽ 8 തവണയായി കൂട്ടിയത് 2.56 രൂപ.

തിരുവനന്തപുരത്ത് പെട്രോൾ വില 104.91 രൂപയായും ഡീസൽ വില 98.04 ആയും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോൾ വില 102.85 രൂപയും ഡീസൽ വില 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.16 രൂപയായും ഡീസൽ വില 96.37 രൂപയായും ഉയര്‍ന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പെട്രോളിന് 21.66 രൂപയും ഡീസലിന് 21.77 രൂപയും വർദ്ധിപ്പിച്ചു. അസംസ്കൃത എണ്ണവില കഴിഞ്ഞ 7 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ബെന്റ് ക്രൂഡ് വില ബാരലിന് 81 ഡോളർ കടന്നു.

ഇന്ധനവില കുറയ്ക്കാനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിച്ചു.