പാല്‍ക്കച്ചവടക്കാരനില്‍ നിന്നും ശതകോടീശ്വരനായ അധികാര ദല്ലാളിലേക്കുള്ള വളര്‍ച്ച, ടി ജി നന്ദകുമാറിന്റെ കഥ അമ്പരിപ്പിക്കുന്നത്

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയവരില്‍ പ്രമുഖന്‍ എന്ന് സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ദല്ലാള്‍ നന്ദകുമാര്‍ എന്ന ടി ജി നന്ദകുമാറിന്റെ വളര്‍ച്ച അമ്പരിപ്പിക്കുന്നതാണ്. എറണാകുളം നഗരത്തിനടുത്തുള്ള വെണ്ണലയിലെ സാദാ പാല്‍ കച്ചവടക്കാരനില്‍ നിന്നുമാണ് ശതകോടീശ്വരനായ ദല്ലാളിലേക്ക് ഇയാള്‍ വളര്‍ന്നത്.

മുന്‍ കാല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന നന്ദകുമാറിന് കോണ്‍ഗ്രസ് നേതൃത്വത്തില പ്രമുഖരുമായി അന്നേ ബന്ധമുണ്ടായിരുന്നു. പശുവിനെക്കറന്ന് പാല്‍ ഡയറിയില്‍ വില്‍ക്കുന്ന ജോലിയായിരുന്നു ആദ്യം നന്ദകുമാറിന്. വെണ്ണല സര്‍ക്കാര്‍ സ്‌കൂളിലെ പഠനകാലത്താണ് നന്ദകുമാര്‍ കെ എസ് യുക്കാരനായി തീര്‍ന്നത്. പത്താം ക്‌ളാസിന് ശേഷം കാര്യമായി പഠിക്കാനൊന്നും പോകാതിരുന്ന നന്ദകുമാര്‍ പാല്‍ക്കച്ചവടത്തിനൊപ്പം യുത്ത് കോണ്‍ഗ്രസിന്റെ വെണ്ണല മണ്ഡലം ഭാരവാഹിയായി. എറണാകുളം ജില്ലയെ ഏറെക്കുറെ എല്ലാ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ അടുപ്പം ഉണ്ടാക്കാന്‍ നന്ദകുമാറിന് കഴിയുകയും ചെയ്തു. നന്ദപ്പന്‍ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ടി ജി നന്ദകുമാര്‍ ഒരു കാലത്ത് എറണാണകുളം ഡി സിസി ഓഫീസിലെ സ്ഥിരം അന്തേവാസിയായിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് ചെറിയ ചെറിയ ഉപകാരങ്ങള്‍ ചെയ്തു കൊടുക്കുന്ന പണിയായിരുന്നു ആദ്യമൊക്കെ. അന്നത്തെ പ്രമുഖനായ ഒരു കോണ്‍ഗ്രസ് എം എല്‍ എയുടെയും എം പിയുടെയും ലെറ്റര്‍ഹെഡ്ഡുകള്‍ മോഷ്ടിച്ച് അതില്‍ കത്തെഴുതി ഓരോരോ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് കൊടുത്ത് പണം വാങ്ങിക്കുന്നുവെന്ന ആരോപണം ഇയാള്‍ക്കെതിരെ തൊണ്ണൂറുകളുടെ മധ്യത്തില്‍ വ്യാപകമായി ഉയര്‍ന്നിരുന്നത്രെ. ഇതേ തുടര്‍ന്ന് എം പിയും എം എല്‍ എയും ഇയാളെ അടുപ്പിക്കാതെയായി. എം എല്‍ എ പിന്നീടു മന്ത്രിയായി തോറ്റു, വീണ്ടും ജയിച്ചു, എം പി പിന്നീട് ഇടതുമുന്നണിയില്‍ ചേക്കേറി വീണ്ടും ഉന്നത പദവികളിലെത്തി.

സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ നല്‍കാനാണെന്ന് പറഞ്ഞു നിരവധി പേരില്‍ നിന്നും പണം പറ്റിയതോടെയാണ് ടി ജി നന്ദകുമാറിന് വെണ്ണലയിലും എറണാകുളത്തും നില്‍ക്കള്ളിയില്ലാതെ വന്നത്. ഇതേ തുടര്‍ന്ന് കേരളത്തിന്റെ പലഭാഗത്തു നിന്നും ഇയാളെ അന്വേഷിച്ച് ആളുകള്‍ വരാന്‍തുടങ്ങി. ചിലൊരൊക്കെ വീടുകയറി തല്ലിയെന്ന കഥയും ഉണ്ട്. അങ്ങിനെ നിക്കള്ളിയില്ലാതെ ഒരു ദിവസം നന്ദപ്പന്‍ എന്ന നന്ദകുമാര്‍ ഡല്‍ഹിയിലേക്ക് നാടുവിട്ടു.

ഡല്‍ഹിയാണ് ഇന്ന് കാണുന്ന ടി ജി നന്ദകുമാറിനെ സൃഷ്ടിച്ചത്. ഐ ഐ സി സി ഓഫീസില്‍ ഏതോ തസ്തികയില്‍ ജോലി ചെയ്യുന്നുവെന്നാണ് നാട്ടിലൊക്കെ പറഞ്ഞു. അ്‌പ്പോഴാണ് കേരളത്തില്‍ നിന്നൊരു ന്യായാധിപന്‍ സുപ്രീം കോടതിയിലെ ഉന്നത പദവിയിലെത്തുന്നത്. ഈ ന്യായാധിപനും കുടുംബവും പി്ന്നീട് ഒട്ടേറെ ആരോപണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തത്രെ. അപ്പോഴാണ് ഇദ്ദേഹത്തിന്റെ മുന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ കുടുംബങ്ങളിലൊന്നിന്റെ കേസ് വന്നത്. പെട്രോള്‍ നിക്ഷേപവുമായി ബന്ധപ്പെട്ട് മറ്റൊരു വ്യവസായ സ്ഥാപനവുമായാണ് കേസ്. അതില്‍ മേല്‍പ്പറഞ്ഞ വ്യവസായ കുടുബവും സുപ്രീം കോടതിയിലെ അന്നത്തെ പ്രമുഖനും തമ്മില്‍ ബന്ധപ്പെടുന്നതിനുള്ള ഇടനിലക്കാരന്‍ ഈ ദല്ലാളാണെന്ന് കേരളത്തിലെ ചില മാധ്യമങ്ങള്‍ തന്നെ അക്കാലത്ത് ആരോപിച്ചിരുന്നു.

Read more

കേസില്‍ ഇന്ത്യയിലെ ഉന്നത വ്യവസായ കുടുംബത്തിനനുകൂലമായ പരമോന്ന കോടതിയുടെ വിധി വന്നു. ശതകോടികള്‍ ഇതിന് പിന്നില്‍ മറിഞ്ഞുവെന്ന് വലിയ ആക്ഷേപം ആക്കാലത്തുണ്ടായിരുന്നു.ഇതോടെയാണ് വെണ്ണലക്കാരന്‍ നന്ദകുമാര്‍ അതിസമ്പന്നനായ ദല്ലാള്‍ നന്ദകുമാറായയത്രെ. പിന്നീട് കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയക്കാരെല്ലാം നന്ദകുമാറിന്റെ കക്ഷത്തിലായി. കോടതി വ്യവഹാരങ്ങളില്‍ ഇയാളുടെ സഹായം തേടിയ രാഷ്ട്രീയ നേതാക്കള്‍ നിരവധിയാണ്. അതില്‍ അതില്‍ സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍ ചാര്‍ത്തിയ വിപ്‌ളവകാരികളുടെ നേതാവ് മുതല്‍ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയെ പിന്നില്‍ നിന്ന് കുത്തിയ കോണ്‍ഗ്രസ് മന്ത്രി വരെയുണ്ട്. ചുരുക്കി പറഞ്ഞാല്‍ ദല്ലാള്‍ നന്ദകുമാറിന്റെ കഥകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല.