പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസമന്ത്രാലയത്തിന് കേരളം ഇന്ന് കത്തയക്കും. കത്തിന്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. ഇക്കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ ഉയർത്തിയ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു പിഎം ശ്രീ പദ്ധതി മരവിപ്പിക്കാൻ സർക്കാർ നിർബന്ധിതരായത്. കേന്ദ്രത്തിന് കത്ത് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും എന്ന് നൽകുമെന്ന് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. അതേസമയം മുഖ്യമന്ത്രി തിരക്കിലായതിനാലാണ് കത്തിന്റെ കരട് പരിശോധിക്കാൻ സാധിക്കാതെ പോയതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിലാണ് ഇന്ന് തന്നെ കത്തയക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
മുഖ്യമന്ത്രി ഇന്ന് തന്നെ കത്ത് പരിശോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും. പൊതുവിദ്യാഭ്യാസ വകുപ്പാണ് സംസ്ഥാന സർക്കാരിന് വേണ്ടി കേന്ദ്രത്തിലേക്ക് കത്തയക്കുക. പിഎം ശ്രീ പദ്ധതിയെ കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഒരു ഉപസമിതിയ്ക്ക് രൂപം നൽകിയിരുന്നു. ഈ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് കത്തയക്കുക.







