കേരളീയത്തില്‍ എല്ലാ പരിപാടികളിലും സൗജന്യ പ്രവേശനം; കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര; വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍

കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദര്‍ശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയര്‍മാന്‍ മന്ത്രി വി. ശിവന്‍കുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാസ്‌കോട്ട് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മാധ്യമപ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാര്‍ക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയില്‍ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികള്‍ ഉള്‍പ്പെടുന്ന മേഖല റെഡ്‌സോണായി പ്രഖ്യാപിച്ച് ഈ മേഖലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ വഴി സന്ദര്‍ശകര്‍ക്കു സൗജന്യയാത്ര ഒരുക്കും.

പാര്‍ക്കിങ് സ്ഥലങ്ങളില്‍നിന്ന് റെഡ്‌സോണിലേക്കു കെ.എസ്.ആര്‍.ടി.സി. ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കേരളീയത്തിന് മാധ്യമങ്ങള്‍ നല്‍കണമെന്നു ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കേരളീയം കണ്‍വീനര്‍ എസ്. ഹരികിഷോര്‍ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച അവതരണം നടത്തി.

കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തിലാണ് നാല്‍പതിലേറെ വേദികളില്‍ കേരളീയം മഹോത്സവം നടക്കുന്നത്. സെമിനാറുകള്‍, വ്യവസായ മേള, പ്രദര്‍ശനങ്ങള്‍, മെഗാ കലാപരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, ചലച്ചിത്രമേള, വൈദ്യൂത ദീപാലങ്കാരപ്രദര്‍ശനം എന്നിങ്ങനെ നിരവധി കലാ-സാംസ്‌കാരിക-വ്യവസായ പ്രദര്‍ശനങ്ങളാണ് കേരളീയത്തിന്റെ ഭാഗമായി നടക്കുന്നത്.