മുസ്ലിം പേരിൽ വ്യാജ പാസ്പോർട്ടുമായി തട്ടിപ്പ്; ആർ.എസ്.എസ് മുഖ്യശിക്ഷക് അറസ്റ്റിൽ

മുസ്ലീം പേരിൽ വ്യാജ പാസ്പോർട്ടുമായി പത്ത് വർഷത്തോളം വിദേശത്ത് ആൾമാറാട്ടം നടത്തിയ ആർ.എസ്.എസ് മുഖ്യശിക്ഷക് അറസ്റ്റിൽ. കിളിമാനൂർ പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജി​ൽ കു​ന്നു​മ്മ​ൽ സാ​ഫ​ല്യം വീ​ട്ടി​ൽ രാജേഷ് (47) ആണ് അറസ്റ്റിലായത്. ഷെറിൻ അബ്ദുൽ സലാം എന്ന പേരിലാണ് ഇയാൾ 10 വർഷം റിയാദിലും ദുബൈയിലും ജോലി ചെയ്​തിരുന്നത്​.

വർക്കല തച്ചൻകോണം അസീസ് മൻസിലിൽ അബ്ദുൽ സലാം -അയ്ഷ ബീവി ദമ്പതികളുടെ മകൻ ഷെറിൻ അബ്ദുൽ സലാം എന്നായിരുന്നു പാസ്‌പോർട്ടിൽ നൽകിയിരുന്ന പേര്. 2006ലാണ് ഇയാൾ വ്യാജരേഖകൾ നിർമിച്ച് വ്യാജപാസ്‌പോർട്ട് കരസ്ഥമാക്കിയത്. ഉടനെ വിദേശത്തേക്കു കടന്നു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലിസ് മേധാവി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2019ൽ കിളിമാനൂർ പൊലിസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഡിസംബർ 15ന് വിദേശത്തുനിന്ന് തിരുവനന്തപുരം എയർ പോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് അധികൃതർ തടഞ്ഞുവെച്ച് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. തു​ട​ർ​ന്ന്, പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ജു​ഡീ​ഷ്യ​ൽ ഫ​സ​റ്റ്​​ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.