നിക്ഷേപകരുടെ പണം ഫോര്‍ത്ത് ചാനലിലേക്ക് വകമാറ്റി; ചാനല്‍ അടച്ചുപൂട്ടി സിഇഒ അടക്കം മുങ്ങി; ഫാം ഫെഡില്‍ 300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; ചാനല്‍ ഉടമകള്‍ അറസ്റ്റില്‍

നിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ദി ഫോര്‍ത്ത് ചാനല്‍ ഉടമകള്‍ അറസ്റ്റില്‍. ഫോര്‍ത്തിന്റെ മാതൃകമ്പനിയായ ഫാം ഫെഡിന്റെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിങ് ഡയറക്റ്റര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായത്. കവടിയാര്‍ സ്വദേശിനിയായ നിക്ഷേപകയുടെ പരാതിയിലാണ് പൊലീസ് നടപടി.

സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഥവാ ഫാം ഫെഡ് എന്ന പേരില്‍ പ്രതികള്‍ ഒരു കമ്പനി നടത്തുന്നുണ്ട്. ഈ കമ്പനി പിന്നീട് ദി ഫോര്‍ത്ത് എന്ന പേരില്‍ മാധ്യമ രംഗത്തേക്കും വരികെയായിരുന്നു. ഇവര്‍ ഫാം ഫെഡില്‍ നിക്ഷേപമായി എത്തിയ തുക ഫോര്‍ത്തിലേക്ക് വകമാറ്റിയിരുന്നു. 2008ല്‍ ആരംഭിച്ച ഫാം ഫെഡ്, വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് 300 കോടിയിലധികം രൂപ തട്ടിച്ചുവെന്നാണ് പൊലീസ് കേസ്.

ഫാം ഫെഡിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ ഡയറക്ടര്‍മാരായ ധന്യ, ഷൈനി, പ്രിന്‍സി ഫ്രാന്‍സിസ്, മഹാവിഷ്ണു എന്നിവരും കേസില്‍ പ്രതികളാണ്. ഫാം ഫെഡിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് കമ്പനി ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈയിലാണ് ഫാം ഫെഡിന്റെ കോര്‍പറേറ്റ് ആസ്ഥാനം. കേരളത്തില്‍ 16 ശാഖകളുണ്ട്. കറി പൗഡര്‍ രംഗത്തും ഇവര്‍ സാനിധ്യം അറിയിച്ചിരുന്നു. ഫോര്‍ത്ത് ചാനലിലേക്ക കോടികള്‍ വകമാറ്റി ഒഴുക്കിയതാണ് ഫാം ഫെഡ് തകരാന്‍ കാരണമെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. അടുത്തിനെ ഫോര്‍ത്ത് ചാനല്‍ അടച്ചുപൂട്ടി സിഇഒ അടക്കം മുങ്ങിയിരുന്നു.

Read more

ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ആക്ഷന്‍ കമ്മറ്റി രൂപികരിച്ച് ഫാം ഫെഡിനെതിരെ രംഗത്ത് വരികെയായിരുന്നു. അടുത്ത ദിവസങ്ങളില്‍ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പരാതികള്‍ ഫാം ഫെഡിനെതിരെ പൊലീസിന് നല്‍കുമെന്ന് ഇവര്‍ അറിയിച്ചു.