ദേവികുളത്തെ സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയില്‍. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. 2006, 2011, 2016 എന്നീ കാലയളവില്‍ സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്ന രാജേന്ദ്രന്‍ കുറച്ചുനാളുകളായി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്.
മൂന്നു വര്‍ഷത്തോളമായി എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേരും എന്ന് പ്രചരണത്തിനാണ് ഇപ്പോള്‍ അന്ത്യമായത്. ഹൈറേഞ്ചിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇടപെടുമെന്ന് ബിജെപി അധ്യക്ഷനില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ബിജെപി അംഗത്വമെടുത്തതിന് പിന്നാലെ എസ് രാജേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് താനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ലെന്നും വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.
പ്രസ്ഥാനത്തില്‍ നിന്ന് ആരേയും അടര്‍ത്തിമാറ്റാനില്ല. പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു. പൂര്‍ണമായി ബിജെപിയില്‍ എന്ന് ഇപ്പോള്‍ പറയില്ല.
ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നുവെന്നും ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായെന്നും മുന്‍ സിപിഎം നേതാവ് പറഞ്ഞു. ദേവികുളം എംഎല്‍എ എ.രാജയ്ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടുവെന്നും പലതും സഹിച്ചെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.
Read more
ഇടുക്കിയില്‍ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥന്‍, സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു. മൂന്നാറില്‍ എട്ടാം തീയ്യതി നടക്കുന്ന പൊതുപരിപാടിയില്‍ എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറു കണക്കിനു പേര്‍ അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.







