ചെള്ള് പനി; പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ചെള്ള് പനിക്കെതിരെയുള്ള പ്രതിരോധന നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. ഒരാഴ്ചക്കിടെയില്‍ ചെള്ള് പനിബാധിച്ച രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാഗ്രത ശക്തമാക്കിയിരിക്കുന്നത്. ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളില്‍ പരിശോധന നടത്തും.

ഈ വര്‍ഷം ഇതുവരെ 132 പേര്‍ക്കാണ് സംസ്ഥാനത്ത് ചെള്ള് പനി സ്ഥിരീകരിച്ചത്. ഈ മാസം 15 പേര്‍ക്കാണ് ചെള്ളുപനി ബാധിച്ചിരിക്കുന്നത്. സാധാരണയായി മലയോരമേഖലകളിലാണ് ചെള്ള് പനി ബാധയ്ക്ക് കൂടുതല്‍ സാധ്യത. എന്നാല്‍ നഗരപ്രദേശങ്ങളിലേക്കും രോഗം വ്യാപിക്കുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മരിച്ച പാറശാല ഐങ്കാമം സ്വദേശി സുബിതയുടെ വീട്ടില്‍ നിന്നുള്ള സാമ്പിളുകള്‍ ഉടന്‍ ശേഖരിക്കും. വ്യാഴാഴ്ച മരിച്ച വര്‍ക്കല സ്വദേശി അശ്വതിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെ രക്ത സാമ്പിളുകളും ഇവയുടെ പുറത്തെ ചെള്ളുകളും ശേഖരിച്ചിരുന്നു.

ഇവിടുത്തെ നായക്കുട്ടിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ചെള്ള് പനിക്ക് കാരണമായ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും അന്തിമഫലമായി കണക്കാക്കിയിട്ടില്ല. അശ്വതിയോട് അടുത്തിടപഴകിയ ആറ് പേരുടെ രക്ത സാമ്പിളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.