മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു, നിരപരാധിയായ തന്റെ വാക്ക് അം​ഗീകരിച്ചില്ല; മത്സ്യത്തൊഴിലാളി മേരി വർഗ്ഗീസ്

കൊല്ലം പാരിപ്പള്ളിയിൽ റോഡരികിലെ പുരയിടത്തിൽ വെച്ച് കച്ചവടം ചെയ്ത വയോധികയുടെ മത്സ്യം പൊലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തിനെതിരെ മത്സ്യത്തൊഴിലാളി മേരി വർഗ്ഗീസ്.

ചില പ്രാദേശിക മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തിയതാണെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മേരി വർ​ഗ്​ഗീസ് വിശദീകരണവുമായി രം​ഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ പൊലീസ് തെറ്റിദ്ധരിപ്പിച്ചതാണെന്നും നിരപരാധിയായ തന്റെ വാക്ക് അം​ഗീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. പൊലീസ് മീൻ തട്ടിത്തെറിപ്പിച്ചില്ലെന്ന് പറയാൻ മുഖ്യമന്ത്രി അവിടെയില്ലായിരുന്നുവെന്നും മേരി പറഞ്ഞു.

പാരിപ്പള്ളി പൊലീസ് തന്റെ മത്സ്യം നശിപ്പിച്ചുവെന്നായിരുന്നു അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിലെ ചെറുകിട മത്സ്യവില്പനക്കാരി മേരി വർ​ഗീസ് പറഞ്ഞത്. ഇതിനുമുമ്പ് രണ്ട് തവണ പൊലീസ് തന്റെ കച്ചവടം വിലക്കിയിരുന്നുവെന്നും മേരി ആരോപിച്ചിരുന്നു.

രണ്ട് ദിവസം മുമ്പാണ് പൊലീസ് സ്ഥലത്തെത്തി മത്സ്യം വലിച്ചെറിഞ്ഞത്. 16,000 രൂപ മുടക്കി വാങ്ങിയ മത്സ്യത്തിൽ, 500 രൂപയ്ക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും മേരി പറഞ്ഞിരുന്നു.

പലകയുടെ തട്ടിൽ വെച്ചിരുന്ന മത്സ്യം തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ്, വലിയ പാത്രത്തിൽ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞുവെന്നും മേരി പറഞ്ഞിരുന്നു.