സന്ദീപിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി ഒന്നാം പ്രതി ജിഷ്ണു; പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും

പത്തനംതിട്ട പെരിങ്ങരയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി ഒന്നാം പ്രതി ചാത്തങ്കരി കൗസല്യയിൽ ജിഷ്ണുവിന്റെ മൊഴി. യുവമോർച്ച പ്രവർത്തകനായിരുന്ന സമയത്ത് സന്ദീപുമായി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ജിഷ്ണുവിന്റെ നിലം നികത്തുന്നതിന് സന്ദീപ് എതിർത്തതും വൈരാഗ്യത്തിന് കാരണമായി. നേരിട്ട് കാണുമ്പോൾ പലതവണ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജിഷ്ണു പൊലീസിനോട് പറഞ്ഞു.

സന്ദീപ് കൊലക്കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ അടക്കം കൂടുതൽ പേരെ കേസിൽ പ്രതി ചേർത്തേക്കും. അഞ്ച് പ്രതികളെയും ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം അഞ്ചാം പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോൺ സംഭാഷണം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

അതേസമയം സന്ദീപ് കുമാറിന്റെ കൊലപാതകത്തിലും മുസ്ലിം ക്രിസ്ത്യൻ പട്ടികജാതി– പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ നടത്തുന്ന അക്രമങ്ങൾക്കെതിരെയും പ്രതിഷേധിച്ചും ഇന്ന് സംസ്ഥാനത്ത് സിപിഐ എം പ്രതിഷേധദിനം ആചരിക്കും. മുഴുവൻ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലും വൈകുന്നേരം 5 മണിക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

രാജ്യവ്യാപകമായി ന്യൂനപക്ഷ വിരുദ്ധവും വിദ്വേഷം പരത്തുന്നതുമായ സംഘപരിവാറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും സ്വീകരിക്കുന്നത് എന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ നിയമ നിർമ്മാണങ്ങളുമായി കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങിയത് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതാണ്. പശുസംരക്ഷണം, ലൗജിഹാദ്‌ എന്നിവ ഉയർത്തിയുള്ള ആക്രമണങ്ങളും രാജ്യത്ത് വർദ്ധിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.