തിരുവല്ലയില്‍ ബ്യൂട്ടിപാര്‍ലറില്‍ തീപിടുത്തം; കട പൂര്‍ണമായും കത്തിനശിച്ചു

പത്തനംതിട്ട തിരുവല്ലയില്‍ തീപിടുത്തം. തിരുവല്ല നഗരത്തിലെ ബ്യൂട്ടിപാര്‍ലറിലാണ് തീപിടിച്ചത്. രാവിലെ 7.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാരെത്തിയപ്പോഴാണ് എ സിയില്‍ നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ബ്യൂട്ടിപാര്‍ലറില്‍ നിന്നും പുക പുറത്തേക്ക് വരുന്നത് കണ്ട് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും എത്തുമ്പോഴേക്കും രണ്ടാം നിലയിലേക്ക് തീപടര്‍ന്നിരുന്നു. കടയുടെ ഉള്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു.

നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. കെട്ടിടത്തിന്റെ ഷട്ടര്‍ പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് കെട്ടിടത്തിന് അകത്ത് കയറി തീ നിയന്ത്രണ വിധേയമാക്കിയത്. പെര്‍ഫ്യൂമും സാനിറ്റൈസറുമടക്കമുള്ള സാധനങ്ങള്‍ കടയിലുണ്ടായിരുന്നു. ഇതായിരിക്കാം തീ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.