ബംഗളൂരുവില്‍ തൊടുപുഴ സ്വദേശി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍ ആണ് ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം മരിച്ചത്. ലിബിന്റെ തലയിലേറ്റ മുറിവിനെ തുടര്‍ന്നായിരുന്നു മരണം. കുളിമുറിയില്‍ വീണതിനെ തുടര്‍ന്നാണ് മരണത്തിന് കാരണമായ മുറിവുണ്ടായതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ കുടുംബത്തെ അറിയിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ആയിരുന്നു ലിബിന് പരിക്കേറ്റതായി കുടുംബത്തിന് വിവരം ലഭിച്ചത്. എന്നാല്‍ ലിബിന്റെ തലയിലേറ്റ മുറിവില്‍ അസ്വാഭാവികതയുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചതായാണ് കുടുംബം ആരോപിക്കുന്നത്. ഒപ്പം താമസിക്കുന്നവരുടെ മൊഴിയിലും വൈരുധ്യമുള്ളതായി കുടുംബം അറിയിച്ചു.
Read more
ബംഗളൂരുവില്‍ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം ലിബിന്‍ മസ്തിഷ്‌ക മരണത്തിന് കീഴടങ്ങിയത്. ഒപ്പം താമസിച്ചിരുന്നവര്‍ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചുവെന്നും തലയിലെ മുറിവ് കുളിമുറിയില്‍ വീണപ്പോള്‍ സംഭവിച്ചത് പോലെയല്ലെന്നും ഡോക്ടര്‍ പറഞ്ഞതായി സഹോദരിയും പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.