സംസ്ഥാനത്ത് 420 ഹെക്ടര്‍ വനഭൂമി കത്തി നശിച്ചു; അട്ടിമറി സംശയമെന്ന് മന്ത്രി

സംസ്ഥാനത്തെ വനമേഖലകളില്‍ ഉണ്ടാവുന്ന തീപിടുത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്‍. വേനല്‍ കനക്കുന്നതിനിടെ സംസ്ഥാനത്ത് ഇത്തവണ 420 ഹെക്ടര്‍ വനഭൂമിയാണ് കത്തി നശിച്ചിരിക്കുന്നത്.

ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലാണ് തീപിടുത്തമുണ്ടായത്. വനപാലകരുടെ പരിശോധനയില്‍ സമാന കണ്ടെത്തലാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി.

പാലക്കാട് 160 ഹെക്ടര്‍ വനഭൂമി കത്തി നശിച്ചു. വയനാട്ടില്‍ 90, ഇടുക്കിയില്‍ 86, തിരുവനന്തപുരത്ത് 70 ഹെക്ടര്‍ വനഭൂമിയും കത്തി നശിച്ചു. ഫയര്‍ ലൈന്‍ ഉള്‍പ്പെടെ തെളിച്ചിരുന്ന സാഹചര്യത്തില്‍ വ്യാപകമായി വനം കത്തിയതില്‍ ചില സംശയങ്ങളുണ്ട്.

Read more

വനപാലകരുടെ പരിശോധനയില്‍ അട്ടിമറി തെളിയിക്കുന്ന ചില സൂചനകളും ലഭിച്ചിട്ടുണ്ടെന്നും വനംമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. തീപിടുത്തം നിയന്ത്രണം വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വനംവകുപ്പ് പറയുന്നത്.