കോണ്‍ഗ്രസ് ഒന്നല്ല ഒരായിരം പിടിപിടിച്ചാലും ഞങ്ങളുടെ രോമത്തില്‍ തൊടാനാകില്ല; സുധാകരന്റേത് അഹങ്കാരത്തിന്റെ ഭാഷയെന്ന് പി ഗഗാറിന്‍

കോണ്‍ഗ്രസ് ഒരു പിടിപിടിച്ചാല്‍ സിപിഎമ്മുകാര്‍ പുറത്തിറങ്ങില്ലെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രസ്താവനയില്‍ മറുപടിയുമായി സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. കെ സുധാകരന് സിപിഎമ്മിനെ മനസ്സിലാകാത്തത് കൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഒരുപിടിയല്ല ആയിരം പിടിപിടിച്ചാലും തങ്ങളുടെ രോമത്തിന് പോലും ഏല്‍ക്കില്ലെന്നും ഗഗാറിന്‍ പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു. സമരത്തെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അക്രമം നടന്നത് പാര്‍ട്ടി അറിഞ്ഞുകൊണ്ടല്ല. സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സിപിഎം സംസ്ഥാന സമിതിയില്‍ ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുലിന്റെ ഓഫിസിലെ ഗാന്ധിചിത്രം ഉടച്ചത് കോണ്‍ഗ്രസുകാരാണ്. വെകാരികമായ തലം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എസ്എഫ്ഐ മാര്‍ച്ചിലും അക്രമ സംഭവങ്ങളിലും അവിഷിത്ത് പങ്കെടുത്തിരുന്നില്ല. വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാനായാണ് അയാള്‍ അവിടേക്ക് എത്തിയതെന്നും ഗഗാറിന്‍ പറഞ്ഞു. അവിഷിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ദേശാഭിമാനിക്കെതിരായ ആക്രമണം, യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തിനിടെ പാര്‍ട്ടി കൊടിമരങ്ങളും ബാനറുകളും പതാകകളും നശിപ്പിച്ചത് എന്നീ സംഭവങ്ങളെ തുടര്‍ന്നാണ് ഇന്ന് വൈകിട്ട് 3 മണിക്ക് കല്‍പ്പറ്റയില്‍ സിപിഎം പ്രതിഷേധം പ്രകടനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.