സംവാദങ്ങളുടെ വസന്തം തീര്‍ക്കാന്‍ എസ്സെന്‍സ് ഗ്‌ളോബല്‍ "ലിറ്റ്മസ്- 23" ഒക്ടോബര്‍ 1 ന് നിശാഗന്ധിയില്‍

ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ ‘ലിറ്റ്മസ് 23’ തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 1 ന് അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനം എന്ന പേരില്‍ അറിയപ്പെടുന്ന ലിറ്റ്മസില്‍ ഇത്തവണ ഹിന്ദുത്വ, നവലിബറല്‍ നയങ്ങള്‍, ഇസ്ലാം, എകസിവില്‍ കോഡ് എന്നീ വിഷയങ്ങളിലാണ് സംവാദം നടക്കുന്നത്.

‘ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ’ എന്ന സംവാദത്തില്‍, എഴുത്തുകാരനും പ്രഭാഷകനുമായ പ്രശസ്ത സ്വതന്ത്രചിന്തകന്‍ സി രവിചന്ദ്രനും, ബിജെപി വക്താവ് സന്ദീവ് വാചസ്പതിയുമാണ് മാറ്റുരക്കുന്നത്. ഉഞ്ചോയി മോഡറേറ്റര്‍ ആയിരിക്കും.

‘നവലിബറല്‍ ആശയങ്ങള്‍ ഗുണമോ ദോഷമോ’, എന്നതാണ് ലിറ്റ്മസില്‍ നടക്കുന്ന അടുത്ത സംവാദം. നിരവധി പ്രഭാഷണങ്ങളിലുടെ ശ്രദ്ധേയനായ സ്വതന്ത്രചിന്തകന്‍ അഭിലാഷ് കൃഷ്ണനും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സെക്രട്ടറിയും, ശാസ്ത്ര കേരളം മാസികയുടെ എഡിറ്ററുമായ ടി കെ ദേവരാജനുമാണ് ഇതില്‍ സംവദിക്കുന്നത്.

‘ഇസ്ളാം: അപരവത്കരണവും ഫോബിയയും’ എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹൂസൈന്‍ തെരുവത്തും, എടവണ്ണ ജാമിഅഃ നദ്വിയ്യഃ അറബിക് കോളജിന്റെ ഡയറക്ടറും പ്രഭാഷകനുമായ ആദില്‍ അതീഫ് സ്വലാഹിയുമാണ് സംവദിക്കുന്നത്.

Read more

‘ഏക സിവില്‍ കോഡ് ആവശ്യമുണ്ടോ’ എന്ന സംവാദത്തില്‍ സി രവിചന്ദ്രന്‍, സി പി എം നേതാവ് അ്ഡ്വ കെ അനില്‍കുമാര്‍, ചലച്ചിത്ര നടന്‍ കൂടിയായ അഡ്വ ഷുക്കുര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. സി സുശീല്‍കുമാറാണ് ഈ സംവാദത്തിന്റെ മോഡറേറ്റര്‍.