എറണാകുളം-അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ സന്ദേശത്തില്‍ തെറ്റുകളുണ്ടെന്നും അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കി അല്‍മായ മുന്നേറ്റം രംഗത്ത്. മാര്‍പ്പാപ്പയുടെ സന്ദേശത്തില്‍ വസ്തുതാപരമായ തെറ്റുകളുണ്ട്. മാര്‍പാപ്പയുടെ കത്തിന്റെ നിജസ്ഥിതി പറഞ്ഞു തരേണ്ട ചുമതല ഇനി പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ബോസ്‌കോ പുത്തൂരിന്റെതാണെന്നും ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്ന അല്‍മായ മുന്നേറ്റം വ്യക്തമാക്കി. മെത്രാന്‍മാരുടെ ഉപസമിതിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണെങ്കില്‍ മാത്രമേ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായി സഹകരിക്കു.
വിശേഷ ദിവസങ്ങളിലെ ഓരോ കുര്‍ബാനകള്‍ മാത്രമേ ഏകീകൃത രീതിയില്‍ നടത്തുവെന്നായിരുന്നു ഉപസമിതിയുമായി ഉണ്ടാക്കിയ ധാരണ. ധാരണയ്ക്ക് വിരുദ്ധമായി ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള മാര്‍ ബോസ്‌കോ പുത്തൂരിനെ അറിയിച്ചുവെന്ന് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അല്‍മായ മുന്നേറ്റം നേതാക്കള്‍ വ്യക്തമാക്കി.
അഡ്മിനിസ്‌ട്രേറ്റീവ് അധികാരമുള്ള മാര്‍ ബോസ്‌കോ പുത്തൂര്‍ എറണാകുളം അതിരൂപതയിലെ മുഴുവന്‍ വൈദികരെയും ഇടവക പ്രതിനിധികളെയും കേള്‍ക്കാന്‍ തയ്യാറാകണമെന്നും അതിനുശേഷം കുര്‍ബാന വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കാവൂ എന്നും വിമതവിഭാഗം വ്യക്തമാക്കി.
മാര്‍പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തിനു വീഡിയോ വഴി നല്‍കിയിരിക്കുന്ന ആഹ്വാനം ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തും മാര്‍ത്തോമാ മാര്‍ഗത്തിന്റെ സമൂഹമാധ്യമങ്ങളും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ച് സിറോ മലബാര്‍ സിനഡ് എടുത്ത തീരുമാനം നടപടി ക്രമം തെറ്റിച്ചും മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചുമാണെന്നതാണ് അതിരൂപതയിലെ ദൈവജനം പറയുന്ന വാദഗതി.
സിനഡിലെ ഏതാനും ചില മെത്രാന്മാര്‍ ഒപ്പിച്ചെടുത്ത തീരുമാനമാണ് സിറോ മലബാര്‍ സഭയിലെ ഐക്യം തകര്‍ത്തത്. ഐകരൂപ്യത്തിനുവേണ്ടി ഐക്യം തകര്‍ക്കരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം സഭാ സിനഡ് ലംഘിച്ചതിന്റെ പേരിലാണ് ഇവിടെ അനൈക്യം വന്നത്.
ഇതാണ് സത്യമെന്നിരിക്കെ മാര്‍പാപ്പ ഇപ്പോള്‍ നല്‍കിയിരിക്കുന്ന കത്തില്‍ വസ്തുതാപരമായ ഒത്തിരി തെറ്റുകളുണ്ട് എന്ന് വായിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും മനസിലാകും. മാര്‍പാപ്പയ്ക്ക് ഇത്തരം കത്ത് എഴുതികൊടുത്തവരുടെ സത്യസന്ധതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്.
2022 ഡിസംബറിലെ ക്രിസ്മസ് നാളുകളില്‍ എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട ജനാഭിമുഖ കുര്‍ബാന തടസപ്പെടുത്തിയതും അള്‍ത്താരയും മദ്ബഹയും മ്ലേച്ഛമാക്കിയതും ഇപ്പോള്‍ കത്തിഡ്രല്‍ പള്ളിയില്‍ അഡ്മിനിസ്ട്രേറ്ററായ ആര്‍ച്ച് ബിഷപ് താഴത്ത് വച്ചിരിക്കുന്ന ഫാ. ആന്റണി പുതവേലിയുടെ നേതൃത്തിലായിരുന്നു.
പക്ഷേ, മാര്‍പാപ്പയുടെ കത്തില്‍ അതിന്റെ പാപഭാരം ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികരുടെയും അതിഷ്ടപ്പെടുന്ന ദൈവജനത്തിന്റെയും പുറത്താണ് കെട്ടിവച്ചിരിക്കുന്നത്. സിനഡിന്റെ തീരുമാനങ്ങളെ വര്‍ഷങ്ങളായി എതിര്‍ക്കുന്നവരെക്കുറിച്ച് പറയുമ്പോള്‍ മാര്‍പാപ്പയെ ധരിപ്പിക്കാത്ത ഒരു കാര്യമുണ്ട് കര്‍ദിനാള്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പായി വന്നതിനു ശേഷമുള്ള പല തീരുമാനങ്ങളും കല്‍ദായ പക്ഷത്തിന്റെ ഇംഗീതവും സത്യത്തിനു വിരുദ്ധവുമായിരുന്നു. അതിനാലാണ് അതിരൂപതയിലെ ദൈവജനം എതിര്‍ത്തത്.
Read more
സഭയ്ക്കുള്ളില്‍ അസത്യം കാണ്ടാല്‍ ചോദ്യം ചെയ്യാന്‍ പറഞ്ഞ മാര്‍പാപ്പ എങ്ങനെയാണ് സീറോ മലബാര്‍ സഭയിലെ സത്യങ്ങള്‍ കാണാതെ പോയതെന്ന ആശങ്ക ഞങ്ങള്‍ക്കുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തിന്റെ ഇപ്പോഴത്തെ പ്രശ്നം ഭൂമിയിടപാടും മറ്റുമല്ല, മറിച്ച് കഴിഞ്ഞ വര്‍ഷമായി ഞങ്ങള്‍ ചൊല്ലികൊണ്ടരിക്കുന്ന രാണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യമുള്ള ജനാഭിമുഖ കുര്‍ബാനയാണ്. ഈ സത്യം മാര്‍പാപ്പയെ ധരിപ്പിക്കേണ്ട ചുമതല പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ബോസ്‌കോ പുത്തൂരിന്റെതാണെന്ന് അല്‍മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.