എന്റെ രക്തത്തിനായി മാതൃഭൂമി ദാഹിക്കുന്നു; ദുഷ്ടശക്തികള്‍ നല്ലവണ്ണം കുടിക്കട്ടെ; ചാനലിനെ വിലക്കി ഇ.പി ജയരാജന്‍

ഒരു വിഭാഗം മാധ്യമങ്ങള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി എറണാകുളത്ത് ആശുപത്രിയില്‍ കഴിയുന്ന ദേശാഭിമാനി ജീവനക്കാരന്‍ പയ്യന്നൂരിലെ ശ്രീജിത്തിനെ കാണാന്‍ പോയതാണെന്നും ഇ പി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം, രാവിലെ മുതല്‍ വ്യാജവാര്‍ത്ത ചില ചാനലുകള്‍ ചമയ്ക്കുകയാണെന്നും അദേഹം പറഞ്ഞു.

രാവിലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടറെ പത്രസമ്മേളനത്തില്‍ നിന്നും പുറത്താക്കി. മാതൃഭൂമി ബോധപൂര്‍വം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. എന്റെ രക്തത്തിനായി മാതൃഭൂമി ദാഹിക്കുന്നുണ്ട്. അവര്‍ നല്ലവണ്ണം കുടിക്കട്ടെയെന്നു ഇപി ജയരാജന്‍ പറഞ്ഞു.

ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍ പോയെന്ന പ്രചാരണം പച്ചക്കള്ളമാണ്. സിപിഐ എം ജാഥയില്‍ പങ്കെടുക്കുന്നില്ലെന്ന വാര്‍ത്തകള്‍ക്ക് അല്‍പായുസ് മാത്രമാണുള്ളത്. ചൊവ്വാഴ്ചയാണ് കൊച്ചിയിലെത്തിയത്. വെണ്ണല തൈക്കാട്ട് ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുത്തത് ഭാരവാഹിയായ എം പി മുരളി ക്ഷണിച്ചതിനാലാണ്. ഇത് നേരത്തെ തീരുമാനിച്ചതായിരുന്നില്ല. കെ വി തോമസ് അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു.

അവര്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ഒരു പ്രായമായ സ്ത്രീയെ പൊന്നാട അണിയിച്ചു. ഈ വിഷയത്തെയാണ് വക്രീകരിച്ച് കള്ളക്കഥയാക്കിയത്. ഇതിന് പിന്നില്‍ തന്നെയും സിപിഎമ്മിനെയും തകര്‍ക്കാന്‍ നോക്കുന്ന ദുഷ്ട ശക്തികളാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.