ഇന്‍ഡിഗോ കമ്പനിയുമായി ഒത്തുതീര്‍പ്പില്ല; വിമാനത്തില്‍ കയറില്ല; ബഹിഷ്‌കരിച്ച തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇ.പി ജയരാജന്‍

ന്‍ഡിഗോ വിമാനം ബഹിഷ്‌കരിച്ച തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. താന്‍ അന്നു പറഞ്ഞത് വൈകാരികമായിരുന്നില്ല. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമാണ് തന്റെ നിലപാട്. അതിനുശേഷം ഇതുവരെ ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. ഇനിയും കയറില്ല. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു താന്‍ പൂര്‍ണ അവധിയിലല്ല. സജീവ രാഷ്ട്രീയം വിടുകയാണെന്ന പ്രചാരണത്തോട് പ്രതികരിക്കാനില്ല. പ്രായംകൂടി വരികയാണെന്ന ബോധ്യമുണ്ടെന്നും ഇ.പി.ജയരാജന്‍ മനോരമ ന്യൂസ് സംവാദത്തില്‍ പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇപിക്ക് ഇന്‍ഡിഗോ യാത്രാവിലക്ക് നല്‍കിയത്. തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും അന്നു ഇപി പറഞ്ഞിരുന്നു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ നിലപാട് എടുത്തിരുന്നു.